കോൺ​ഗ്രസ് പുനഃസംഘടന : ഉമ്മൻചാണ്ടിക്ക് അതൃപ്തി; നാളെ സോണിയ​ഗാന്ധിയെ കാണും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2021 01:04 PM  |  

Last Updated: 16th November 2021 01:04 PM  |   A+A-   |  

Oommen Chandy

ഉമ്മന്‍ ചാണ്ടി/ഫയല്‍

 

ന്യൂഡല്‍ഹി: കോൺ​ഗ്രസ് സംഘടനാ തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും കെപിസിസി പുനഃസംഘടനയുമായി മുന്നോട്ടുപോകുന്ന സംസ്ഥാന നേതൃത്വത്തിന്റെ നടപടിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അതൃപ്തി. പുനഃസംഘടന നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി നാളെ കോൺ​ഗ്രസ് അധ്യക്ഷ സോണിയാ​ഗാന്ധിയെ കാണും.

എഐസിസി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച  പശ്ചാത്തലത്തില്‍ വിപുലമായ പുനഃസംഘടന ഒഴിവാക്കണമെന്ന് നേരിട്ട് ആവശ്യപ്പെടുമെന്നാണ് സൂചന. വിപുലമായ പുനഃസംഘടന പാടില്ലെന്ന് നവംബർ രണ്ടിന് ചേർന്ന കെപിസിസി നേതൃയോ​ഗത്തിൽ എ,ഐ ​ഗ്രൂപ്പുകൾ ആവശ്യപ്പെട്ടിരുന്നു.

കേരളത്തിലെ പല മുതിര്‍ന്ന നേതാക്കളും സംഘടനാ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകരുതെന്ന നിര്‍ദേശമായിരുന്നു മുന്നോട്ടുവച്ചിരുന്നത്. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇത് തള്ളി. ഭൂരിഭാഗം ഡി.സി.സികളും പുനഃസംഘടനയുമായി മുന്നോട്ടു പോകാന്‍ പച്ചക്കൊടി കാണിച്ചിരുന്നു എന്നായിരുന്നു സുധാകരന്‍ വ്യക്തമാക്കിയത്. എന്നാല്‍ എ, ഐ ഗ്രൂപ്പുകള്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്.

എഐസിസി ദേശീയ തലത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനുകള്‍ ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് വരെയാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനുകള്‍ നടക്കുക. സ്വാഭാവികമായും എഐസിസി തലത്തിലേക്ക് തെരഞ്ഞെടുപ്പിന് പോകേണ്ടതുണ്ട്.  അതിനാല്‍ത്തന്നെ നിലവിലെ പുനഃസംഘടന നിര്‍ത്തിവെക്കണമെന്ന ആവശ്യമായിരിക്കും ഉമ്മന്‍ ചാണ്ടി പ്രധാനമായും ആവശ്യപ്പെടുക.

 കുറച്ചുനാള്‍ മുന്‍പ് രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുനഃസംഘടന നിര്‍ത്തിവെക്കണം എന്ന ആവശ്യം തന്നെ ആയിരുന്നു ചെന്നിത്തലയും അന്ന് ഉന്നയിച്ചിരുന്നത്.