മണ്ഡലകാലത്തിന് തുടക്കമായി, ശബരിമല നട തുറന്നു; മൂന്നു ദിവസം ഭക്തർക്ക് നിയന്ത്രണം 

വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്
പുതിയ ശബരിമല മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ചുമതലയേൽക്കുന്നു
പുതിയ ശബരിമല മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ചുമതലയേൽക്കുന്നു

പത്തനംതിട്ട: മണ്ഡല ഉത്സവത്തിനായി ശബരിമല അയ്യപ്പക്ഷേത്ര നട തുറന്നു. വൃശ്ചികം ഒന്നായ ഇന്ന് പുലർച്ചെ മുതൽ ഭക്തരെ കടത്തിവിടും. കാലാവസ്ഥ മോശമായതിനാൽ ആദ്യ മൂന്നു ദിവസം തീർത്ഥാടകർക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി കെ ജയരാജ് പോറ്റി നടതുറന്ന് ദീപം തെളിച്ചു. തുടർന്ന് പുതിയ ശബരിമല-മാളികപ്പുറം മേൽശാന്തിമാർ ചുമതലയേറ്റു. 

സ്പോട്ട് ബുക്കിങ് ഇല്ല

വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ബുക്ക് ചെയ്ത ഭക്തർക്ക് ഈ ദിവസങ്ങളിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു ദിവസം സൗകര്യം ഒരുക്കും. സ്പോട്ട് ബുക്കിങ് ഉണ്ടായിരിക്കില്ല. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റോ കരുതണം. തിരിച്ചറിയൽ രേഖയായി ആധാർകാർഡ്, വോട്ടർ ഐഡി, പാസ്‌പോർട്ട് എന്നിവയിൽ ഏതെങ്കിലുമൊന്ന് കൈയിലുണ്ടാകണം. പത്തുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ദർശനത്തിനെത്താം.  

പമ്പാ സ്നാനം അനുവദിക്കില്ല

ജില്ലയിലാകെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടുത്ത 3–4 ദിവസങ്ങളിൽ ശബരിമലയിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ജലനിരപ്പ് അപകടകരമായതിനാൽ പമ്പാ സ്നാനം അനുവദിക്കില്ല. മറ്റു കുളിക്കടവുകളിലും ഇറങ്ങരുതെന്നു നിർദേശമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com