മകളുടെ കാറിനെ മറ്റൊരു വാഹനം പിന്തുടര്‍ന്നത് എന്തിന്?: ഹോട്ടലുടമ ദൃശ്യങ്ങള്‍ നശിപ്പിച്ചു; പരാതിയുമായി അന്‍സിയുടെ കുടുംബം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2021 04:37 PM  |  

Last Updated: 17th November 2021 05:01 PM  |   A+A-   |  

ancy kabeer

വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മുന്‍ മിസ് കേരള ആന്‍സി കബീര്‍

 

കൊച്ചി: മോഡലുകളുടെ അപകടമരണത്തില്‍ പരാതിയുമായി അന്‍സി കബീറിന്റെ കുടുംബം. മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം പാലാരിവട്ടം പൊലിസില്‍ പരാതി നല്‍കി. ഹോട്ടലുടമയുടെ ഇടപെടലുകളില്‍ സംശയമുണ്ടെന്നും വിപുലമായ അന്വേഷണം വേണമെന്നും ആന്‍സിയുടെ കുടുംബം പരാതിയില്‍ പറയുന്നു.

മകളുടെ കാറിനെ മറ്റൊരു വാഹനം പിന്തുടര്‍ന്നെന്ന് എന്തിനെന്ന് അറിയണം. ഹോട്ടലിലെ ദൃശ്യങ്ങള്‍ ഉടമ നശിപ്പിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും അന്‍സിയുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹോട്ടല്‍ ഉടമ വാഹനത്തെ പിന്തുടര്‍ന്നതില്‍ സംശയമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനുമായി സംസാരിച്ചകതായും ഇന്നലെ രേഖാമൂലം പരാതി നല്‍കിയതായും ബന്ധുക്കള്‍ പറഞ്ഞു. 

എന്താണ് സംഭവിച്ചതെന്ന് അറിയില്ല. കമ്മീഷണറുമായി സംസാരിച്ചു. എന്തിനാണ് ഹോട്ടലുടമ ഹാര്‍ഡ് ഡിസ്‌ക നശിപ്പിച്ചത്. ഇക്കാര്യം അറിയണമെങ്കില്‍ വിശദമായ അന്വേഷണം വേണം. സ്പീഡില്‍ പോയ കാര്‍ തടഞ്ഞുനിര്‍ത്തി മെല്ലെ പോകാന്‍ പറയേണ്ട കാര്യമെന്തെന്നും ബന്ധുക്കള്‍ ചോദിച്ചു. നിലവിലെ അന്വേഷണം തൃപ്തികരമാണ്. മറ്റുവിവരങ്ങള്‍ എന്തുകൊണ്ട് പുറത്തുവരുന്നില്ലെന്നും ഹോട്ടലുടമയെ ചോദ്യം ചെയ്തിട്ടും നടപടി ഉണ്ടാകുന്നില്ലന്നത് ദു:ഖകരമാണെന്നും ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ ജാമ്യത്തിലിറങ്ങി. നമ്പര്‍ 18 ഹോട്ടലില്‍ വീണ്ടും പൊലീസ് പരിശോധന നടത്തി. ഹോട്ടല്‍ ഉടമ റോയി ജെ.വയലാട്ടുമായി ഹോട്ടലിലെത്തിയാണ് പരിശോധന നടന്നത്. രാവിലെ ചോദ്യം ചെയ്യലിനായി പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി അര മണിക്കൂറിനകം പൊലീസ് ഇദ്ദേഹവുമായി ഹോട്ടലിലേയ്ക്കു പുറപ്പെടുകയായിരുന്നു. ഇന്ന് ഹാര്‍ഡ് ഡിസ്‌കുമായി എത്തുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇയാളെ പൊലീസ് വിട്ടയച്ചത്.

റോയി പൊലീസിനു കൈമാറിയ ഹാര്‍ഡ് ഡിസ്‌കില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ന് എത്തിയപ്പോള്‍ ഹാര്‍ഡ് ഡിസ്‌ക് ഹോട്ടലില്‍ തന്നെയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് വീണ്ടും പരിശോധനയ്ക്ക് തീരുമാനിച്ചത്. പരിശോധന കഴിഞ്ഞു പൊലീസ് മടങ്ങിയെങ്കിലും ഡിസ്‌ക് ലഭിച്ചോ എന്നതു സംബന്ധിച്ച വെളിപ്പെടുത്താന്‍ പൊലീസ് തയാറായിട്ടില്ല. ഇയാളെ പാലാരിവട്ടം സ്‌റ്റേഷനില്‍ എത്തിച്ച് വീണ്ടും ചോദ്യം ചെയ്യല്‍ തുടരാനാണ് തീരുമാനം.

ഹോട്ടലിനുള്ളില്‍ നടന്ന സംഭവങ്ങള്‍ പുറത്തു വന്നാല്‍ മാത്രമേ മോഡലുകളുടെ മരണത്തിന്റെ യഥാര്‍ഥ കാരണം അറിയാനാകൂ എന്നതിനാലാണ് ഇവ ലഭിക്കണം എന്ന കാര്യത്തില്‍ അന്വേഷണ സംഘം നിര്‍ബന്ധം പിടിക്കുന്നത്. എന്നാല്‍ ലഹരി ഇടപാടുകളും വൈകിയുള്ള മദ്യ വിതരണവും മറയ്ക്കാനാണ് താന്‍ ഹാര്‍ഡ് ഡിസ്‌ക് പൊലീസിനു നല്‍കാതിരുന്നത് എന്നാണ് റോയി പറഞ്ഞിരിക്കുന്നത്. അതിലുപരി എന്തെങ്കിലും ഹോട്ടലില്‍ നടന്നിട്ടുണ്ടോ എന്ന കാര്യത്തിലും പൊലീസിനു സംശയമുണ്ട്.

പെണ്‍കുട്ടികളുടെ മരണത്തില്‍ ദുരൂഹതയില്ലെന്നു കഴിഞ്ഞ ദിവസം അന്വഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞെങ്കിലും ഹോട്ടലില്‍ നടന്ന സംഭവങ്ങളുടെ ദുരൂഹതയുടെ കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ല. ഇതു വിശദമായി അന്വേഷിച്ച ശേഷം മാത്രം വിവരങ്ങള്‍ കൈമാറാമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി മേല്‍ ഉദ്യോഗസ്ഥര്‍ക്കു റിപ്പോര്‍ട്ടു നല്‍കുമെന്നും അറിയിച്ചിരുന്നു. ഫോര്‍ട്ടുകൊച്ചി പൊലീസിനെ കേസുമായി ബന്ധപ്പെട്ട ഒരു അന്വേഷണങ്ങളിലും ഉള്‍പ്പെടുത്തിയിട്ടില്ല എന്നതും നിര്‍ണായകമാണ്.