റേവ് പാര്‍ട്ടിയില്‍ സിനിമാതാരങ്ങളും?; അന്വേഷണത്തിന് 'ബ്രേക്കിടാന്‍' സമ്മര്‍ദ്ദം; ദൃശ്യങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക്; സ്വകാര്യതയ്ക്ക് വേണ്ടിയാണ് ഡിവിആര്‍ ഒളിപ്പിച്ചതെന്ന് മൊഴി 

നിശാപ്പാര്‍ട്ടിനടന്ന ഹാളിലെയും ഹോട്ടലിന് പുറത്തെയും സിസിടിവി ദൃശ്യങ്ങളുടെ ഡിവിആര്‍ മാറ്റിയിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെ അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും.  ചോദ്യം ചെയ്യലിനായി ഇന്ന് വീണ്ടും ഹാജരാകാന്‍ റോയിക്ക് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ ഹോട്ടലുടമയെ 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ അടങ്ങിയ രണ്ട് ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറുകളില്‍(ഡിവിആര്‍) ഒരെണ്ണം റോയി പൊലീസിന് കൈമാറി. എന്നാല്‍ ഇതില്‍ മോഡലുകള്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ദിവസത്തെ ദൃശ്യങ്ങള്‍ ഇതിലില്ലെന്നാണ് വിവരം. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമ്പോള്‍ രണ്ടാമത്തെ ഡിവിആര്‍ കൂടി കൈമാറണമെന്ന് പൊലീസ് റോയിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

റേവ് പാര്‍ട്ടി ദൃശ്യങ്ങള്‍ മായ്ച്ചു കളഞ്ഞിട്ടുണ്ടോ എന്ന് പരിശോധന

ഇതുവരെ ലഭിച്ച ദൃശ്യങ്ങളുടെ ഫൊറന്‍സിക് പരിശോധന പൊലീസ് ആരംഭിച്ചു. ഡിവിആറില്‍ നിന്നും ഹോട്ടലിലെ റേവ് പാര്‍ട്ടി ദൃശ്യങ്ങള്‍ മായ്ച്ചു കളഞ്ഞിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇത്രദിവസം റോയി ചോദ്യംചെയ്യലിന് ഹാജാരാകാതിരുന്നത് ഡിവിആറില്‍ എന്തെങ്കിലും തിരിമറിനടത്താനാണോ എന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്. ഡിവിആര്‍ സൈബര്‍ ഫൊറന്‍സിക് പരിശോധനക്ക് അയക്കും. 

നിശാപ്പാര്‍ട്ടിനടന്ന ഹാളിലെയും ഹോട്ടലിന് പുറത്തെയും സിസിടിവി ദൃശ്യങ്ങളുടെ ഡിവിആര്‍ മാറ്റിയിരുന്നു. ഇതില്‍ ഒന്നുമാത്രമാണ് ഹോട്ടലുടമ ഹാജരാക്കിയിട്ടുള്ളത്. സിനിമാമേഖലയിലെ ചില പ്രമുഖര്‍ ഈ ഹോട്ടലില്‍ അപകടദിവസം തങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മിസ് കേരള അടക്കമുള്ള സംഘത്തോട് പാര്‍ട്ടിയില്‍വെച്ച് ഇവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടതായാണ് കരുതുന്നത്. തുടര്‍ന്ന് പിണങ്ങിപ്പോയ ഇവരെ, പ്രശ്‌നം തീര്‍ത്ത്  തിരികെയെത്തിക്കാനാണ് ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരം ഓഡി കാര്‍ പിന്തുടര്‍ന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. 

സ്വകാര്യതയ്ക്ക് വേണ്ടിയാണ് ഡിവിആര്‍ ഒളിപ്പിച്ചതെന്ന് ഹോട്ടലുടമ 

എക്‌സൈസിനെ ഭയന്നിട്ടാണ് സിസിടിവി ദൃശ്യങ്ങളുള്ള ഡിവിആര്‍ മാറ്റിയതെന്ന് നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട് പൊലീസിനോട് പറഞ്ഞു. രാത്രി വൈകിയും മദ്യം വിളമ്പിയതിന് ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് നവംബര്‍ രണ്ടിന് എക്‌സൈസ് കമ്മിഷണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപുറമേ മറ്റൊരു കേസുകൂടിവന്നാല്‍ ലൈന്‍സന്‍സ് പൂര്‍ണമായി നഷ്ടമാകുമെന്ന് ഭയന്നാണ് ഡിവിആര്‍. മാറ്റിയതെന്നാണ് മൊഴിനല്‍കിയത്. 

പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ സ്വകാര്യതയ്ക്ക് വേണ്ടിയാണ് ഡിവിആര്‍ ഒളിപ്പിച്ചതെന്നും റോയി പൊലീസിനോട് പറഞ്ഞു. അതേസമയം ഹോട്ടലിന് പുറത്തെ സിസിടിവി ദൃശ്യങ്ങള്‍ മാറ്റിയത് എന്തിനെന്ന ചോദ്യത്തിന് റോയി മറുപടി നല്‍കിയില്ല. അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന ഓഡി കാറിലെ ഡ്രൈവര്‍ സൈജു സുഹൃത്താണെന്നും അപകടം നടന്ന വിവരം ഇയാള്‍ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നെന്നും റോയി പറഞ്ഞു.

ഒരാഴ്ചമുമ്പ് ഹോട്ടലില്‍ റേവ് പാര്‍ട്ടി നടന്നു?

വാഹനാപകടം നടക്കുന്നതിന് ഒരാഴ്ചമുമ്പ് ഹോട്ടലില്‍ റേവ് പാര്‍ട്ടി നടന്നതായി വിവരമുണ്ട്. ഫാഷന്‍ രംഗത്തുള്ള പ്രമുഖ കൊറിയോഗ്രാഫറാണിത് സംഘടിപ്പിച്ചത്. ദുബായില്‍നിന്ന് ഇയാള്‍ സിന്തറ്റിക് മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചെന്നാണ് വിവരം. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ സിനിമാരംഗത്തുള്ളവര്‍ അടക്കം പങ്കെടുത്ത റേവ് പാര്‍ട്ടി (ലഹരിപ്പാര്‍ട്ടി) നടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍, ഇതിലേക്ക് അന്വേഷണം പോകാതിരിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും അന്വേഷണസംഘത്തിന് മേല്‍ സമ്മര്‍ദമുണ്ട്. 

അന്വേഷണം ഒതുക്കാന്‍ സമ്മര്‍ദ്ദം

അന്വേഷണം സിനിമാ മേഖലയിലേക്ക് എത്തിയതോടെ അന്വേഷണത്തിന് ഉന്നതര്‍ ഇടപെട്ട് മൂക്കുകയറിട്ടതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നിലവിലെ അന്വേഷണം കൃത്യമായി മുന്നോട്ടുപോയാല്‍ സിനിമാരംഗത്തുള്ളവരെ ചോദ്യംചെയ്യേണ്ടിവരും. അതിനാല്‍ വാഹനാപകടം സംബന്ധിച്ചുള്ള അന്വേഷണം മാത്രം നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഹോട്ടലില്‍ എത്താറുണ്ട്. അന്വേഷണം നീണ്ടാല്‍ ഇവര്‍ക്കും കുരുക്കാകുമെന്ന് മുന്നില്‍ കണ്ടാണ് സമ്മര്‍ദ്ദം. വെറ്റില ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍  മുന്‍ മിസ് കേരള അന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പ് അന്‍ജന ഷാജന്‍ (24) എന്നിവര്‍ സംഭവസ്ഥലത്തും കെ.എ. മുഹമ്മദ് ആഷിഖ് (25) ആശുപത്രിയില്‍ വെച്ചും മരിച്ചു. കാര്‍ ഓടിച്ചിരുന്ന റഹ്മാന്‍ മാത്രമാണ് രക്ഷപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com