നീരൊഴുക്ക് ശക്തമായി തുടരുന്നു; മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141 അടിയിലെത്തി; സ്പില്‍വേ ഷട്ടര്‍ രാവിലെ എട്ടിന് വീണ്ടും തുറക്കും; ഇടുക്കി അണക്കെട്ടിലും ജലവിതാനം ഉയരുന്നു

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി കല്ലാര്‍ അണക്കെട്ട് രാത്രി തുറന്നു
മുല്ലപ്പെരിയാർ /ഫയല്‍ ചിത്രം
മുല്ലപ്പെരിയാർ /ഫയല്‍ ചിത്രം

കുമളി: നീരൊഴുക്ക് ശക്തമായതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വ് ആയ 141 അടിയിലെത്തി. രാവിലെ 5.30 ഓടെയാണ് ജലനിരപ്പ് 141 അടിയിലെത്തിയത്. ഇതേത്തുടര്‍ന്ന് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ രാവിലെ എട്ടുമണിക്ക് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തമിഴ്‌നാട് രണ്ടാം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ തുടരുന്ന കനത്ത മഴയാണ് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരാന്‍ കാരണം. അണക്കെട്ട് തുറക്കുന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് കെഎസ്ഇബി അറിയിച്ചു.

ഇടുക്കിയിലും ജലനിരപ്പ് ഉയരുന്നു

ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. ഇടുക്കിയിലെ ഇപ്പോഴത്തെ ജലനിരപ്പ് 2399.38 അടിയായിട്ടുണ്ട്. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമെടുത്തേക്കും.  ഇടുക്കിയിലെ മലയോര മേഖലയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് കുമളി ടൗണിലും കട്ടപ്പന പാറക്കടവിലും കടകളില്‍ വെള്ളം കയറി.  കുമളി ടൗണ്‍, തേക്കടി ബൈപാസ് റോഡ്, റോസാപ്പൂക്കണ്ടം തുടങ്ങിയ മേഖലകളിലാണ് വെള്ളം കയറിയത്. 

കല്ലാര്‍ അണക്കെട്ട് തുറന്നു

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി കല്ലാര്‍ അണക്കെട്ട് രാത്രി തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകളാണ് ബുധനാഴ്ച രാത്രി 11 മണിയോടെ തുറന്നത്. പത്ത് സെന്റീമീറ്റര്‍ വീതം ഇരു ഷട്ടറുകളും ഉയര്‍ത്തി. സെക്കന്‍ഡില്‍ 10 ക്യൂമെക്‌സ് ജലമാണ് ഒഴുക്കി വിടുന്നത്. 

കല്ലാര്‍ റിസര്‍വോയറില്‍ പരമാവധി ജലനിരപ്പ്  824.48 മീറ്ററും റെഡ് അലര്‍ട്ട്  823.50 മീറ്ററുമാണ്. ജലനിരപ്പ് റെഡ് അലേര്‍ട്ട് ലെവല്‍ എത്തിയ സാഹചര്യത്തിലാണ് ഡാം തുറന്നത്. കല്ലാര്‍ പുഴയുടെ ഇരുകരകളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com