സംസ്ഥാനത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ 60 ശതമാനം പിന്നിട്ടു; ദേശീയ തലത്തേക്കാള്‍ മുന്നിലെന്ന് ആരോഗ്യമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2021 07:45 PM  |  

Last Updated: 19th November 2021 07:45 PM  |   A+A-   |  

covid vaccination in KERALA

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ 60 ശതമാനം പിന്നിട്ടതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേഷന്‍  സ്വീകരിക്കാന്‍ അര്‍ഹതയുള്ളവരില്‍ ഒന്നും രണ്ടും ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ 60 ശതമാനം കഴിഞ്ഞു. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 95.74 ശതമാനം പേര്‍ക്ക് (2,55,70,531) ആദ്യ ഡോസ് വാക്‌സിനും 60.46 ശതമാനം പേര്‍ക്ക് (1,61,48,434) രണ്ടാം ഡോസ് വാക്‌സിനും നല്‍കിയതായും മന്ത്രി അറിയിച്ചു.

ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,17,18,965 ഡോസ് വാക്‌സിനാണ് നല്‍കിയത്. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 81.22 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 41.94 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. ഇനിയും വാക്‌സിനെടുക്കാനുള്ളവര്‍ ഉടന്‍ തന്നെ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി വാക്‌സിന്‍ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ഇടുക്കി ജില്ലയില്‍ 99 ശതമാനം പേരും തിരുവനന്തപുരം ജില്ലയില്‍ 97 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. 76 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ വയനാടാണ് സമ്പൂര്‍ണ വാക്‌സിനേഷനില്‍ മുന്നിലുള്ളത്. 73 ശതമാനം പേര്‍ക്ക് സമ്പൂര്‍ണ വാക്‌സിനേഷന്‍ നല്‍കിയ പത്തനംതിട്ട ജില്ലയാണ് തൊട്ട് പുറകില്‍. ആരോഗ്യ പ്രവര്‍ത്തരും കോവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്‌സിനും യഥാക്രമം 90, 92 ശതമാനം രണ്ടാം ഡോസ് വാക്‌സിനുമെടുത്തിട്ടുണ്ട്.

സമ്പൂര്‍ണ വാക്‌സിനേഷന്‍ 60 ശതമാനം പിന്നിട്ടു

കോവിഡ് ബാധിച്ചവര്‍ക്ക് മൂന്ന് മാസം കഴിഞ്ഞ് മാത്രം വാക്‌സിനെടുത്താല്‍ മതി. അതിനാല്‍ തന്നെ വളരെ കുറച്ച് പേര്‍ മാത്രമാണ് ഇനി ആദ്യ ഡോസ് വാക്‌സിനെടുക്കാനുള്ളത്. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ ഒട്ടും കാലതാമസം വരുത്തരുത്. കോവിഷീല്‍ഡ് വാക്‌സിന്‍ 84 ദിവസം കഴിഞ്ഞും കോവാക്‌സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചാല്‍ മാത്രമേ പൂര്‍ണമായ ഫലം ലഭിക്കൂ.