ദത്ത് വിവാദം: കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു, ഡിഎന്‍എ പരിശോധന ഉടന്‍, രണ്ടുദിവസത്തിനകം ഫലം 

അനുപമയുടെതെന്ന് കരുതുന്ന കുഞ്ഞിനെ ഡിഎന്‍എ പരിശോധനയ്ക്കായി തിരുവനന്തപുരത്ത് എത്തിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: അനുപമയുടെതെന്ന് കരുതുന്ന കുഞ്ഞിനെ ഡിഎന്‍എ പരിശോധനയ്ക്കായി തിരുവനന്തപുരത്ത് എത്തിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള ദമ്പതികളില്‍ നിന്ന് ഏറ്റുവാങ്ങി കേരളത്തില്‍ എത്തിച്ച കുഞ്ഞിന്റെ സംരക്ഷണച്ചുമതല ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ്. കുഞ്ഞിനെ പാളയത്തെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അതിനിടെ കുഞ്ഞ് അനുപമയുടേത് എന്ന് ഉറപ്പാക്കാന്‍ ഡിഎന്‍എ പരിശോധന ഉടന്‍ നടത്തും. അനുപമയുടെയും അജിത്തിന്റെയും ഡിഎന്‍എ പരിശോധനാഫലം രണ്ടുദിവസത്തിനകം ലഭിക്കും.ഫലം അനുകൂലമായാല്‍ കുട്ടിയെ അനുപമയ്ക്ക് കൈമാറും. 

കഴിഞ്ഞദിവസം ആന്ധ്രയിലെ ശിശുക്ഷേമസമിതി ഓഫീസില്‍ വച്ചാണ്് വിജയവാഡയിലുള്ള ദമ്പതികളില്‍ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയത്.  ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയും പൊലീസുകാരും ഉള്‍പ്പെടുന്ന സംഘമാണ് കുഞ്ഞുമായി തിരുവനന്തപുരത്ത് എത്തിയത്.  കോടതി നിര്‍ദേശിക്കാതെ കുഞ്ഞിനെ കൈമാറാന്‍ വിജയവാഡയിലെ ദമ്പതികള്‍ ആദ്യം വിസമ്മതിച്ചെങ്കിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ ഇവരെ ഫോണില്‍ ബന്ധപ്പെട്ടു സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തി. കോടതി നടപടികള്‍ പൂര്‍ത്തീകരിക്കുന്നത് വരെ ശിശുക്ഷേമ സമിതിക്കായിരിക്കും കുഞ്ഞിന്റെ ഉത്തരവാദിത്വം. 

ഡിഎന്‍എ പരിശോധനയ്ക്കായി കുഞ്ഞിന്റെ സാംപിള്‍ ശേഖരിക്കും. പരാതിക്കാരായ അനുപമ എസ് ചന്ദ്രന്‍, ഭര്‍ത്താവ് അജിത്ത് കുമാര്‍ എന്നിവരുടെ സാംപിളുകളും ശേഖരിക്കും. രാജീവ് ഗാന്ധി ബയോ ടെക്‌നോളജി സെന്ററില്‍ പരിശോധന നടത്താനാണ് സിഡബ്ല്യുസി ഉത്തരവ്. രണ്ടു ദിവസത്തിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കും. കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും ആണെന്നു തെളിഞ്ഞാല്‍ കോടതിയുടെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും അനുമതിയോടെ അവര്‍ക്കു വിട്ടു കൊടുക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com