മോഡലുകളുടെ അപകട മരണം; പുഴയിലെറിഞ്ഞ ഹാർഡ് ഡിസ്‌ക് കണ്ടെത്താനായില്ല; തിരച്ചിൽ അവസാനിപ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2021 07:08 PM  |  

Last Updated: 22nd November 2021 07:08 PM  |   A+A-   |  

accident death of models

അന്‍സി കബീര്‍ ,അന്‍ജന ഷാജന്‍

 

കൊച്ചി: മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് പുഴയിലെറിഞ്ഞ സിസിടിവി ഡിവിആർ കണ്ടെത്താനായില്ല. കേസിൽ നിർണായകമാകുമെന്ന് കരുതപ്പെടുന്ന ഡിവിആർ ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപമാണ് തിരഞ്ഞത്. പുഴയിലെറിഞ്ഞെന്ന ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയനുസരിച്ചായിരുന്നു തിരച്ചിൽ.  

ഹാർഡ് ഡിസ്‌ക് കണ്ടെത്താനാകാത്തതിനെ തുടർന്ന് വൈകീട്ടോടെ പരിശോധന അവസാനിപ്പിച്ചു. അഞ്ച് മണിക്കൂറോളമാണ് ഫയർ ഫോഴ്‌സിന്റെ സ്‌കൂബാ ടീം ഇവിടെ തിരച്ചിൽ നടത്തിയത്. മൊഴി നൽകിയ ഹോട്ടൽ ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ഡിവിആർ എറിഞ്ഞതായി ജീവനക്കാർ കാണിച്ചുകൊടുത്ത ഭാഗത്തായിരുന്നു പരിശോധന. ശക്തമായ ഒഴുക്കും ചെളിയുമുള്ള ഇടമായതിനാൽ തിരച്ചിൽ ദുഷ്‌കരമായിരുന്നു.

ഡിവിആർ യഥാർഥത്തിൽ പുഴയിലെറിയുകയായിരുന്നോ അതോ മറ്റേതെങ്കിലും കേന്ദ്രത്തിൽ ഒളിപ്പിച്ചിട്ടുണ്ടോ എന്ന സംശയവും പൊലീസിനുണ്ട്. അതിനായി ഹോട്ടൽ ഉടമ റോയിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളിൽ കൂടി പൊലീസ് പരിശോധന നടത്തും. അതോടൊപ്പം ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത മുഴുവൻ പേരേയും വിളിച്ചു വരുത്തും. 30 പേരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. അമ്പതോളം പേരാണ് ഡിജെ പാർട്ടിയിൽ പങ്കെടുത്തത്.