നിയമസഭ കയ്യാങ്കളിക്കേസ് : വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും; മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ ഹാജരായേക്കില്ല

വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെടി ജലീല്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. തിരുവനന്തപുരം സിജെഎം കോടതിയിലാണ് വിചാരണ നടപടികള്‍ തുടങ്ങുക.  കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള ആറു പ്രതികളോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായേക്കില്ലെന്നാണ് സൂചന. 

വിടുതല്‍ ഹര്‍ജി തള്ളിയ വിചാരണകോടതി നടപടിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയ കാര്യം പ്രതികളുടെ അഭിഭാഷകര്‍ കോടതിയെ അറിയിക്കും. കേസില്‍ കോടതി ഇനി എന്ത് പരാമര്‍ശം നടത്തുമെന്നതടക്കം പ്രധാനമാണ്. മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെ വിചാരണ നേരിടാന്‍ പോകുന്നത്. 

വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെടി ജലീല്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി രൂക്ഷവിമര്‍ശനത്തോടെ തള്ളിയിരുന്നു. അപ്പീല്‍ തള്ളിയ സുപ്രീ കോടതി വിചാരണ നടത്താന്‍ നിര്‍ദേശിച്ചു. ഇതിന് പിന്നാലെ പ്രതികള്‍ അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി വിടുതല്‍ ഹര്‍ജികള്‍ നല്‍കി. 

പ്രധാന തെളിവായ ദൃശ്യങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്ത പ്രതികള്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ചില നേതാക്കളെ മാത്രം തെരെഞ്ഞു പിടിച്ച് പ്രതിയാക്കിയതാണെന്നും ഹര്‍ജികളില്‍ ആരോപിച്ചു. എന്നാല്‍ മാതൃകയാകേണ്ട ജനപ്രതികളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തികളാണ് നിയമസഭയില്‍ നടന്നതെന്നും പ്രതികള്‍ വിചാരണ നേരിടാനുമായിരുന്നു വിടുതല്‍ ഹര്‍ജികള്‍ തള്ളിയുള്ള സിജെഎമ്മിന്റെ ഉത്തരവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com