ഐഎസ്ആർഒയിൽ ജോലി നൽകാമെന്ന് വാഗ്ദാനം; 3.65 ലക്ഷം തട്ടിയ കേസിൽ 70കാരൻ അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 06:52 AM  |  

Last Updated: 24th November 2021 06:52 AM  |   A+A-   |  

fraud_case_arrest

മെഹമ്മൂദ്

 

കോട്ടയം: ഐഎസ്ആർഒയിൽ ജോലി വാഗ്ദാനം ചെയ്തു 3.65 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. മലപ്പുറം ഇടശ്ശേരിക്കടവ് അമ്പലത്തിൻകാട്ടിൽ മെഹമ്മൂദിനെയാണ്(70) പൊലീസ് അറസ്റ്റ് ചെയ്തത്. കിളിരൂർ സ്വദേശി സേതുകുമാറിൽ നിന്നാണു മകന് ജോലി ഉറപ്പാക്കാമെന്ന് വാക്കുനൽകി പണം വാങ്ങിയത്.  

 കബളിപ്പിച്ച് മുങ്ങുന്നത് പതിവ്

മെഹമ്മൂദ് വീട്ടിൽ പോകാതെ വിവിധ ജില്ലകളിലെ ലോഡ്ജുകളിൽ താമസിക്കുകയാണ് പതിവ്. താമസിക്കുന്ന സ്ഥലങ്ങളിലെ യുവാക്കളുമായി പരിചയപ്പെട്ട് അവരെ കബളിപ്പിച്ച് മുങ്ങുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. കോട്ടയത്ത് ലോഡ്ജിൽ താമസിക്കുമ്പോഴാണു സേതുകുമാറുമായി പരിചയപ്പെട്ടത്. 2019ലാണ് പണം നൽകിയത്. 

ഫോൺ ഉപയോ​ഗിക്കാറില്ല

ജോലി കിട്ടാതെ വന്നതോടെ സേതുകുമാർ പൊലീസിൽ പരാതി നൽകി. മലപ്പുറത്തും മറ്റിടങ്ങളിലും പ്രതിക്കായി തിരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇയാൾ ഫോൺ ഉപയോ​ഗിക്കാറില്ല. മറ്റുള്ളവരുടെ ഫോണിൽ നിന്നു ചിലരെ വിളിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് ബന്ധപ്പെട്ടാൽ വിവരമറിയാക്കാൻ ഇവർക്ക് നിർദേശം നൽകി. പെരിന്തൽമണ്ണയിലെ ലോഡ്ജിൽ ഉള്ളതായി വിവരം ലഭിച്ചതോടെ പൊലീസ് അവിടെ ചെന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.