വൃഷ്ടിപ്രദേശത്തെ കനത്ത മഴ; മുല്ലപ്പെരിയാറിനും ആളിയാറിനും പിന്നാലെ കല്ലാര്‍ ഡാം ഷട്ടറുകളും തുറന്നു; ജാഗ്രത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 06:37 AM  |  

Last Updated: 24th November 2021 06:37 AM  |   A+A-   |  

four more shutters of Mullaperiyar dam opened

മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍


ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാറിനും ആളിയാറിനും പുറമെ ഇടുക്കിയിലെ നെടുംകണ്ടം കല്ലാർ ഡാമിന്റേയും ഷട്ടറുകൾ തുറന്നു. മുല്ലപ്പെരിയാറിലെ 7 സ്പിൽവേ ഷട്ടറുകളാണ് തുറന്നത്. 

ഇടുക്കി നെടുംകണ്ടം കല്ലാർ ഡാമിലെ രണ്ട് ഷട്ടറുകൾ 10 സെൻറീമീറ്റർ വീതം ഉയർത്തി 10 ക്യുമെക്സ് ജലം ഒഴുക്കി വിടുകയാണ്. കല്ലാർ, ചിന്നാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ആളിയാർ ഡാമിൽ 11 ഷട്ടറുകൾ ഉയർത്തി

മഴ കനത്തതോടെ ആളിയാറിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തുകയായിരുന്നു. 4500 ക്യൂസെക്സ്  ജലമാണ് തുറന്നുവിടുന്നത്. ആളിയാർ ഡാമിൽ 11 ഷട്ടറുകൾ 21 സെന്റി മീറ്റർ വീതമാണ് ഉയർത്തിയതെന്ന് പറമ്പിക്കുളം -ആളിയാർ സബ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ നദിയിലൂടെയുള്ള നീരൊഴുക്ക് വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും ബന്ധപ്പെട്ട പുഴയോരങ്ങളിൽ താമസിക്കുന്ന ജനങ്ങൾ  ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. 

മുല്ലപ്പെരിയാറിൽ  3949 ഘനയടി വെള്ളമാണ്  തുറന്നു വിടുന്നത്

മുല്ലപ്പെരിയാറിൽ ഏഴ് ഷട്ടറുകളാണ് തുറന്നിട്ടുള്ളത്. 3 ഷട്ടറുകൾ 60 സെൻറീ മീറ്ററും നാലു ഷട്ടർ 30 സെൻറീ മീറ്ററുമാണ് തുറന്നത്. 3949 ഘനയടി വെള്ളമാണ് തുറന്നു വിടുന്നത്. കൂടുതൽ ഷട്ടറുകൾ തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ഉയർന്നു. തീരത്തുള്ളവർക്ക് ജില്ലാ കളക്ടർ ജാഗ്രത നിർദേശം നൽകി. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിരുന്നു. ഇതിനൊപ്പം വൃഷ്ടി പ്രദേശത്ത് മഴ കനക്കുകയും ചെയ്തു. ഇതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. 

നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 141.60 അടിയായി ഉയർന്നിട്ടുണ്ട്. അതേ സമയം ഇടുക്കിയിൽ മലയോര മേഖലയിൽ മഴ ശക്തമായി തുടരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.10 അടിയിലെത്തി.