മോഫിയയുടെ മരണം: ഭർത്താവ് സൂഹൈലും മാതാപിതാക്കളും പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 08:38 AM  |  

Last Updated: 24th November 2021 08:38 AM  |   A+A-   |  

mofia_parveen_death_arrest

‍മോഫിയയും സുഹൈലും വിവാഹചിത്രംകൊച്ചി: ആലുവയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും കുടുംബവും അറസ്റ്റിൽ. മരിച്ച മോഫിയ പർവീണിന്റെ ഭർത്താവ് മുഹമ്മദ് സുഹൈലും ഭർതൃമാതാവ് റുഖിയ, പിതാവ് യുസുഫ് എന്നിവരുമാണ് അറസ്റ്റിലായത്. കോതമം​ഗലത്തെ ബന്ധുവീട്ടിൽ ഒളിവിലായിരുന്ന മൂവരും ഇന്ന് പുലർച്ചെയാണ് പിടിയിലായത്. 

സ്ത്രീധന പീഡനം നേരിടുന്നെന്ന് കാണിച്ച് ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ 21കാരിയായ മോഫിയ ആലുവ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ പൊലീസ് സ്‌റ്റേഷനിൽ നിന്ന് മൊഫിയയെ ഒത്തു തീർപ്പിന് വിളിപ്പിച്ചു. തിരികെ വീട്ടിലെത്തിയ ശേഷമാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചർച്ചയ്ക്കിടെ സിഐ തന്നെ ചീത്ത വിളിച്ചെന്നും ഇത് മാനസികമായി ഏറെ പ്രയാസമുണ്ടാക്കിയെന്നും യുവതി ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഇതുമൂലം ജീവനൊടുക്കുകയാണെന്ന് യുവതി കത്തിൽ വ്യക്തമാക്കി. 

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടാണ് സുഹൈൽ എന്നയാളെ മൊഫിയ വിവാഹം കഴിച്ചത്.  ഗാർഹികപീഡനം അടക്കം ഒരു പരാതിയും പൊലീസ് കാര്യമായി എടുത്തില്ലെന്ന് മോഫിയ പർവീണിന്റെ അച്ഛൻ പറഞ്ഞു.