'മോൾ ഇപ്പോൾ ഒറ്റയ്ക്കാണ്, ഞാനും പോകും'; നെഞ്ചുപിടഞ്ഞ് മോഫിയ പർവീണിന്റെ പിതാവ്

'എന്തു പ്രശ്നമുണ്ടെങ്കിലും മോൾ പപ്പാ എന്നൊരു വിളിയാണ്. അവിടെയെത്തും ഞാൻ'
മോഫിയ പര്‍വീണ്‍
മോഫിയ പര്‍വീണ്‍

ആലുവ; ​ഗാർഹിക പീഡനത്തിന് ഇരയായ നിയമവിദ്യാർത്ഥി മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവം നാടിനു തന്നെ നൊമ്പരമായിരിക്കുകയാണ്. ഇപ്പോൾ മകളുടെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ വേദനയിൽ പിതാവ് ദിൽഷാദ് പങ്കുവച്ച വാക്കുകളാണ് ബന്ധുക്കൾക്കും നാ‌‌ട്ടുകാർക്കും നോവാകുന്നത്. മകൾ തന്റെ കരളിന്റെ ഒരു ഭാ​ഗമായിരുന്നെന്നും അവളുടെ അടുത്തേക്ക് താനും പോകും എന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചത്. 

വേദനയായി പിതാവിന്റെ കുറിപ്പ്

‘എന്റെ മോൾ കരളിന്റെ ഒരു ഭാഗം. ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്. മോൾ ഇപ്പോൾ ഒറ്റയ്ക്കാണ്. എന്നും എന്നും ഞാനായിരുന്നു മോൾക്കു തുണ. എന്തു പ്രശ്നമുണ്ടെങ്കിലും മോൾ പപ്പാ എന്നൊരു വിളിയാണ്. അവിടെയെത്തും ഞാൻ. മോൾക്കു സോൾവ് ചെയ്യാൻ പറ്റാത്ത എന്തു പ്രശ്നത്തിനും എന്നെ വിളിക്കും. പക്ഷേ, ഇതിനു മാത്രം വിളിച്ചില്ല. പപ്പെടെ ജീവൻ കൂടി വേണ്ടെന്നു വിചാരിച്ചിട്ടുണ്ടാവും. പക്ഷേ, ഞാൻ വിട്ടുകൊടുക്കാൻ തയാറല്ല. ദൈവമായിട്ടു പിടിപാട് കുറവാണ്. എന്നാലും ഒന്നു ട്രൈ ചെയ്തു നോക്കാം’. ദിൽഷാദ് ഫെയ്സ്ബുക്കിൽ കുറിച്ചു.

സിഐക്കെതിരെ ആത്മഹത്യാകുറിപ്പ്

ഗാര്‍ഹിക പീഡന പരാതിയില്‍ ചര്‍ച്ചയ്ക്ക് വിളിച്ച സിഐ അവഹേളിച്ചെന്നും, ചീത്ത വിളിച്ചെന്നും ആത്മഹത്യാക്കുറിപ്പില്‍ എഴുതിവെച്ചിട്ടാണ് നിയമവിദ്യാര്‍ത്ഥിനിയായ മോഫിയ പര്‍വീണ്‍ ജീവനൊടുക്കിയത്. സംഭവം വിവാദമായതോടെ, ഗാര്‍ഹിക പീഡനപരാതിയിന്മേല്‍ ഭര്‍ത്താവ് സൂഹൈല്‍, ഇയാളുടെ മാതാപിതാക്കള്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ ആരോപണ വിധേയനായ സി ഐ സുധീറിനെ സ്ഥലം മാറ്റി. പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com