കക്ക വാരാൻ വന്നവർ ദുർഗന്ധം മണത്തു, പായലിനടിയിൽ മൃതദേഹം; കായലിൽ ചാടിയ യുവാവിനെ അഞ്ചാം ദിവസം കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th November 2021 07:15 PM  |  

Last Updated: 27th November 2021 07:15 PM  |   A+A-   |  

water-

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: ചേർത്തല ചെങ്ങണ്ട പാലത്തിൽ നിന്നും കായലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തുമ്പോളി സ്വദേശി സന്റോൺ ജോസഫ് ബാബുവിന്റെ മകൻ ഡേവിഡ് ജിൻസ് (24) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഞ്ച് ദിവസം മുൻപാണ് ബൈക്കിലെത്തിയ യുവാവ് പാലത്തിൽ നിന്നും താഴേക്ക് ചാടിയത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഡേവിഡ് ജിൻസ് കായലിലേക്ക് ചാടിയത്. അഗ്നിശമന സേനാ അംഗങ്ങൾ, ഫയർ ആംബുലൻസ് എന്നിവർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നാവികസേനാ മുങ്ങൾ വിദഗ്ദ്ധർ എത്തി തിരച്ചിൽ നടത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കക്ക വാരൽ തൊഴിലാളികൾക്ക് വലിയ രീതിയിൽ ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ അന്വേഷിച്ചപ്പോഴാണ് പായലിനടിയിൽ മൃതദേഹം കണ്ടെത്തിയത്. പള്ളിപ്പുറം പല്ലിവേലി സ്കൂളിന് സമീപമുള്ള കടവിലാണ് മൃതദേഹം കണ്ടത്. തിരച്ചിൽ സംഘത്തെ വിവരമറിയിച്ചതിനുശേഷം ഇവർ എത്തിയാണ് മൃതദേഹം കരയിലെത്തിച്ചത്.

തഹസിൽദാറുടെ നേതൃത്വത്തിൽ ഇൻക്വെസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്ക്കരിക്കും. എറണാകുളത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഫുഡ് കമ്പിനിയിലെ സെയിൽസ് എക്സിക്യൂട്ടീവാണ് ജിൻസ്.