ദുരന്തനിവാരണം 'പഠിപ്പിക്കാന്‍' റവന്യുവകുപ്പ്; സാക്ഷരത പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2021 09:58 PM  |  

Last Updated: 30th November 2021 09:58 PM  |   A+A-   |  

k_rajan

മന്ത്രി കെ രാജന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം

 


തിരുവനന്തപുരം: കാലവര്‍ഷത്തിനും കാലാവസ്ഥയിലും സംഭവിച്ചു കൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ദുരന്തനിവാരണ സാക്ഷരത (ഡിഎം ലിറ്ററസി) നടപ്പാക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. കേരള സ്‌റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍  സന്ദര്‍ശിച്ച് കാലാവസ്ഥ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തനിവാരണ നിയമം (2005),അതിന്റെ ചട്ടങ്ങള്‍, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍, ദേശീയ, സംസ്ഥാന, ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍, ദുരന്തത്തിന് ഇരയായവര്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍, ദുരന്തനിവാരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട മുന്‍ഗണന നല്‍കുന്ന കാര്യങ്ങള്‍ എന്നിവയെ പറ്റി പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് ഡിഎം ലിറ്ററസിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ ദുരന്ത നിവാരണ സാക്ഷരത പാഠ്യവിഷയമാക്കുമെന്നും മന്ത്രി പറഞ്ഞു. റവന്യൂ, ദുരന്തനിവാരണ വകുപ്പുകള്‍ ദുരന്ത നിവാരണ സാക്ഷരതയ്ക്കായുള്ള സിലബസ് തയ്യാറാക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സികളുമായി ചര്‍ച്ച നടത്തി ആരംഭിച്ചു കഴിഞ്ഞു എന്നും കെ രാജന്‍ പറഞ്ഞു.

ഇന്ത്യയില്‍ ആദ്യമായി ഏകോപനത്തിലൂടെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തലം വരെ എത്തിച്ച സംസ്ഥാനമാണ് കേരളം. ഇതുമായി ബന്ധപ്പെട്ട് റവന്യു ഉദ്യോഗസ്ഥര്‍ക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന 'ജവാദ്' ചുഴലിക്കാറ്റ് കേരളത്തിന് ഭീഷണിയാകുമെന്ന് കരുതുന്നില്ലെന്നും എങ്കിലും പൊതുവായ ജാഗ്രത ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.