നാവികസേനയെ ഇനി മലയാളി നയിക്കും; അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ചുമതലയേറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2021 09:24 AM  |  

Last Updated: 30th November 2021 12:08 PM  |   A+A-   |  

harikumar

ഹരികുമാർ, സ്ഥാനമൊഴിയുന്ന മേധാവി കരംബീർ സിങിനൊപ്പം/ എഎൻഐ ചിത്രം

 

ന്യൂഡല്‍ഹി: നാവികസേനാ മേധാവിയായി അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ചുമതലയേറ്റു. ഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രതിരോധമന്ത്രാലയ ആസ്ഥാനത്ത് രാവിലെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചശേഷമാണ് ഹരികുമാര്‍ ചുമതലയേറ്റത്. തിരുവനന്തപുരം സ്വദേശിയാണ്. 

നാവികസേനാ മേധാവി കരംബീര്‍ സിങ് വിരമിച്ച ഒഴിവിലാണ് ഹരികുമാറിന്റെ നിയമനം. നാവികസേനാ മേധാവിസ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ്. 59 വയസ്സുള്ള ഹരികുമാറിന് നാവികസേനാ മേധാവിയായി 2024 വരെ തുടരാനാകും. 

മഹത്തായ രാജ്യത്തിന്റെ നാവികസേനയെ നയിക്കാന്‍ നിയുക്തനായതില്‍ ഏറെ അഭിമാനമുണ്ടെന്ന് അഡ്മിറല്‍ ഹരികുമാര്‍ പറഞ്ഞു. സ്ഥാനമൊഴിയുന്ന മേധാവി കരംബീര്‍ സിങിന് സേനയുടെ നന്ദി ഹരികുമാര്‍ അറിയിച്ചു. 

അഡ്മിറൽ ഹരികുമാർ ​ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നു/ പിടിഐ ചിത്രം

മുംബൈ ആസ്ഥാനമായുള്ള പശ്ചിമഘട്ട നേവല്‍ കമാന്‍ഡിന്റെ കമാന്‍ഡ് ഇന്‍ ചീഫായി പ്രവര്‍ത്തിക്കുകയായിരുന്നു. നാഷനൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് 1983 ൽ ഇന്ത്യൻ നാവികസേനയിലെത്തിയ ഹരികുമാർ ഐഎൻഎസ് നിഷാങ്ക്, ഐഎൻഎസ് കോറ, ഐഎൻഎസ് വിരാട്, ഐഎൻഎസ് റൺവീർ ഉൾപ്പെടെ അഞ്ചു പടക്കപ്പലുകളുടെ തലവനായും പ്രവർത്തിച്ചു.

മുംബൈ സർവകലാശാലയിലും യുഎസ് നേവൽ വാർ കോളജിലും ലണ്ടനിലെ കിങ്‌സ് കോളജിലുമായിരുന്നു ഉപരിപഠനം പരം വിശിഷ്ട സേവാ മെഡല്‍ (PVSM), അതി വിശിഷ്ട സേവാ മെഡല്‍ (AVSM), വിശിഷ്ട സേവാ മെഡല്‍ (VSM) എന്നിവ ലഭിച്ചിട്ടുണ്ട്.

അഡ്മിറല്‍ ആര്‍ ഹരികുമാര്‍/ എഎൻഐ ചിത്രം

മുമ്പ് നാവികസേനാ മേധാവികളായ കന്യാകുമാരി സ്വദേശി അഡ്മിറല്‍ സുശീല്‍ കുമാര്‍, കണ്ണൂരില്‍ ജനിച്ച ആംഗ്ലോ ഇന്ത്യന്‍ വിഭാഗക്കാരനായ അഡ്മിറല്‍ ആര്‍ എല്‍ പെരേര, അഡ്മിറല്‍ എല്‍ രാംദാസ് എന്നിവര്‍ക്ക് കേരളത്തില്‍ വേരുകളുണ്ടായിരുന്നു. 

പെരേര 1979 ലും രാംദാസ് 1990 ലും സുശീല്‍ കുമാര്‍ 1998 ലുമാണ് നാവികസേനാ മേധാവിയായത്.