സൈറാബാനുവിന് അയച്ച ചാറ്റില്‍ കൂടുതല്‍ കണ്ടെത്തലുകള്‍; കാട്ടുപോത്തിനെ വെടിവച്ച് കൊന്നു; സൈജു പാര്‍ട്ടികളില്‍ എംഡിഎംഎ എത്തിച്ചു നല്‍കിയെന്ന് പൊലീസ്; കസ്റ്റഡി റിപ്പോര്‍ട്ട് പുറത്ത്

മോഡലുകളുടെ മരണത്തില്‍ പ്രതി സൈജുവിനെതിരെ കൂടുതല്‍ ആരോപണവുമായി പൊലീസ്.
അപകടത്തില്‍ മരിച്ച ആൻസി കബീർ, അഞ്ജന ഷാജൻ/ ഫയൽ
അപകടത്തില്‍ മരിച്ച ആൻസി കബീർ, അഞ്ജന ഷാജൻ/ ഫയൽ


കൊച്ചി: മോഡലുകളുടെ മരണത്തില്‍ പ്രതി സൈജുവിനെതിരെ കൂടുതല്‍ ആരോപണവുമായി പൊലീസ്. സൈജു കാട്ടുപോത്തിനെ വെടിവച്ച് കൊന്നെന്ന്  പറയുന്ന ചാറ്റ് ലഭിച്ചതായി പൊലീസ് പറയുന്നു. മാരാരിക്കുളത്തും മുന്നാറിലും കൊച്ചിയിലും നടന്ന പാര്‍ട്ടിയില്‍ എംഡിഎംഎ വിതരണം ചെയ്‌തെന്നും പൊലീസ് പറയുന്നു. കസ്റ്റഡി അപേക്ഷയിലാണ് പൊലീസ് ഇക്കാര്യം പറയുന്നത്. 

സൈജുവിനെതിരെ ഗുരുതരമായ ആരോപണമാണ് പൊലീസ് ഉന്നയിക്കുന്നത്. സൈജു മത്സരഓട്ടം നടത്തിയതിനാലാണ് മോഡലുകള്‍ മരിക്കാനിടയായ വാഹനാപകടം ഉണ്ടായതെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. സൈജുവിനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലാണ് സൈജുവിനെതിരെ കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് പറയുന്നത്. ഈവര്‍ഷം ജൂലൈ 26ന് ഒരു സ്ത്രിയുമായി നടത്തിയ ചാറ്റില്‍ മൂന്നാറില്‍ വച്ച് ഒരു കാട്ടുപോത്തിനെ കൊന്ന് കഴിച്ചത് ചാറ്റില്‍ പറയുന്നുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞവര്‍ഷം ജൂലൈയില്‍ മറ്റൊരു സുഹൃത്തുമായി നടത്തിയ ചാറ്റില്‍ മാരാരിക്കുളത്ത് നടത്തിയ പാര്‍ട്ടിയില്‍ ലഹരിമരുന്ന് എത്തിക്കാമെന്ന് പറയുന്നുണ്ട്. ഇതിന് പിന്നാലെ ഗോവ, കാക്കനാട്, കൊച്ചിയിലെ ഫ്‌ലാറ്റുകളില്‍ വച്ച് എംഡിഎംഎ ഉപയോഗിക്കുന്ന ദൃശ്യങ്ങളും ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതി ഇക്കാര്യം സമ്മതിച്ചതിനാല്‍ ആയതിനെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും പൊലീസ് പറയുന്നു.

സൈജുവിന് മയക്കുമരുന്ന കച്ചവടം നടത്തുന്നവരുമായി ബന്ധം ഉള്ളതിനാല്‍ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. മയക്കുമരുന്നുകളുടെ ഉപയോഗത്തെ കുറിച്ചും കച്ചവടത്തെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതായും ഈ കേസില്‍ സംഭവിച്ചതുപോലെ ദാരുണമരണങ്ങള്‍ ഇനിയും ഉണ്ടാകുന്നത് തടയുന്നതാനായി ഇയാളെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com