'ദശരഥ പുത്രന്‍ രാമന്‍ സീറ്റ് ബെല്‍റ്റ് ഇട്ടില്ല'; 500 രൂപ അടയ്ക്കണം, പെറ്റി കേസ്, വെട്ടിലായി പൊലീസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th October 2021 09:17 AM  |  

Last Updated: 16th October 2021 09:37 AM  |   A+A-   |  

police_fine_receipt_raman_dasharathan

ചിത്രം; ഫേയ്സ്ബുക്ക്

 

കൊല്ലം: ദശരഥ പുത്രന്‍ രാമനും പെറ്റിയടിച്ച് ചടയമംഗലം പൊലീസ്. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് പിടിയിലായ യാത്രക്കാരനാണ് തെറ്റായ മേല്‍വിലാസം നല്‍കി പൊലീസിനെ കുരുക്കിലാക്കിയത്. 

ഒക്ടോബര്‍ 12ന് എംസി റോഡിന് സമീപം ഗ്രേഡ് എസ്‌ഐയും സംഘവും വാഹന പരിശോധന നടത്തിയപ്പോഴാണ് സംഭവം. സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പൊലീസ് വാഹനം തടഞ്ഞു. എന്നാല്‍ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ പൊലീസും കാറിലുണ്ടായിരുന്ന യാത്രക്കാരും തമ്മില്‍ തര്‍ക്കമായി. 

സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 500 രൂപ പിഴയടക്കാന്‍ പൊലീസ് പറഞ്ഞു. കാറിലെ യാത്രക്കാര്‍ പിഴ തുക നല്‍കി. ഈ സമയം അഡ്രസ് പറയാന്‍ പറഞ്ഞപ്പോള്‍ വീണ്ടും തര്‍ക്കമായി. ഒടുവില്‍ പേര് എന്താണെന്ന് ചോദിച്ചപ്പോള്‍ രാമന്‍ എന്നും അച്ഛന്റെ പേര് ദശരഥന്‍ എന്നും സ്ഥലം അയോധ്യ എന്നുമാണ് ഇയാള്‍ പറഞ്ഞത്. 

ഈ പേരും വിലാസവും വെച്ച് പൊലീസുകാര്‍ രസീത് നല്‍കി. ഈ രസീതും പൊലീസുമായി സംസാരിക്കുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ആര് എന്ത് പറഞ്ഞാലും സര്‍ക്കാരിന് കാശ് മതി എന്നാണ് പൊലീസ് ഇവരോട് പറയുന്നത്.

എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ പൊലീസ് പെട്ടു. കാറില്‍ വന്ന യാത്രക്കാര്‍ ആരെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. പിഴ തുക വാങ്ങിയെടുക്കുക എന്നത് മാത്രം ലക്ഷ്യം വെച്ചുള്ള പൊലീസിന്റെ നിലപാടിന് എതിരെ വലിയ വിമര്‍ശനം ഉയരുന്നു.