ഇന്നലെയും ഇന്നുമായി മരിച്ചത് 25 പേർ; ബുധനാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യത 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2021 08:28 PM  |  

Last Updated: 17th October 2021 08:39 PM  |   A+A-   |  

kerala_flood

ചിത്രം; എഎൻഐ

 

കൊച്ചി: സംസ്ഥാനത്ത് ഇന്നും ഇന്നലെയുമായി പെയ്ത കനത്ത മഴയിൽ മരണം 25 ആയി. കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരുടെ 13 മൃതദേഹങ്ങൾ കണ്ടെത്തി. ഇടുക്കി ജില്ലയിലെ കൊക്കയാറിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരുടെ 9 മൃതദേഹങ്ങൾ കണ്ടെത്തി. ഇവിടെ 2 പേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവർത്തനം നാളെയും തുടരും. 

കോട്ടയത്ത് മൂന്നും ഇടുക്കിയിൽ ഒരാളും ഒഴുക്കിൽപ്പെട്ടു മരിച്ചു. വടകരയിൽ തോട്ടിൽ വീണ് രണ്ട് വയസ്സുകാരൻ മരിച്ചു. പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളിക്ക് സമീപം  കുടുങ്ങികിടന്നവരെ  പോലീസും ഫയർ ഫോഴ്സും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

ബുധനാഴ്ചയോടെ മഴ വീണ്ടും ശക്തമാകും

കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി  കേരളത്തിൽ ബുധനാഴ്ച (ഒക്ടോബർ 20) മുതൽ  3-4 ദിവസങ്ങളിൽ വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സൂചന നൽകുന്നു.  ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.  ഇതിന്റെ ഭാഗമായി  ഒക്ടോബർ 20 നു 10  ജില്ലകളിലും  ഒക്ടോബർ  21 നു  6 ജില്ലകളിലും  മഞ്ഞ അലേർട് പ്രഖ്യാപിച്ചിട്ടുണ്ട്. 

ലക്ഷദീപിനു സമീപം അറബിക്കടലിൽ  രൂപം കൊണ്ട ന്യൂനമർദ്ദം  ശക്തി കുറഞ്ഞിട്ടുണ്ട്.  എങ്കിലും നാളെ വൈകുന്നേരം വരെ മഴ തുടരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ  വകുപ്പ്  അറിയിക്കുന്നു. തൃശൂർ, പാലക്കാട് പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്.

മത്സ്യബന്ധനം നിരോധിച്ചു

കേരള-കർണാടക-ലക്ഷദ്വീപ്  മേഖലകളിൽ മത്സ്യബന്ധനം നാളെ വരെ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 18 രാത്രി 11.30 വരെ ഉയർന്ന തിരമാലകൾ  ഉണ്ടാവാനും കടൽ പ്രക്ഷുബ്ധമാവാനും സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.  കേരളത്തിലുടനീളം ഒക്ടോബർ 21 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.