വ്യാഴാഴ്ച ഗൃഹപ്രവേശം, പിന്നാലെ രണ്ടുമക്കളുടെയും വിവാഹം; സ്വരുക്കൂട്ടിയതെല്ലാം പ്രളയമെടുത്തു, നിരാലംബരായി ഒരു കുടുംബം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2021 04:47 PM  |  

Last Updated: 17th October 2021 04:47 PM  |   A+A-   |  

rain in kerala

ഉരുള്‍പൊട്ടലിന്റെ ദൃശ്യം

 

കോട്ടയം: കൂട്ടിക്കലില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ നെഞ്ചുലയ്ക്കുന്ന വാര്‍ത്തകള്‍ ഓരോന്നായി പുറത്തുവരികയാണ്. ഉരുള്‍പൊട്ടലിന്റെ ഭീകരത അറിയാന്‍ ചള്ളാവയലില്‍ ജോസിന്റെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞാല്‍ മതി.

ഈ മാസം 21ന് ഗൃഹപ്രവേശവും 25ന് മൂത്തമകന്റേയും നവംബറില്‍ രണ്ടാമത്തെ മകന്റേയും വിവാഹവും നടക്കാനിരിക്കേയാണ് വിവാഹാവശ്യത്തിനായി ജോസിന്റെ കുടുംബം സ്വരുക്കൂട്ടിയതെല്ലാം പ്രളയമെടുത്തത്. ടൗണില്‍ത്തന്നെയുള്ള വീടിനോട് ചേര്‍ന്ന്് ഒരു കടയും ന്യൂസ് പേപ്പര്‍ ഏജന്‍സിയുമുണ്ടായിരുന്നു. അതും നഷ്ടമായി.

കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍

അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കാഞ്ഞിരപ്പള്ളിക്ക് പോയതായിരുന്നു ജോസും കുടുംബവും. വിവരമറിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും എല്ലാം പ്രളയമെടുത്തിരുന്നു. കയ്യിലുണ്ടായിരുന്ന അമ്പതിനായിരത്തോളം രൂപയടങ്ങിയ പഴ്‌സും ഇതിനിടയ്ക്ക് നഷ്ടമായി. ചടങ്ങുകള്‍ക്കായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയപ്പോഴാണ് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടായതെന്ന് ജോസിന്റെ ഭാര്യ പറഞ്ഞു. 

വന്‍മല മൊത്തം ഇടിഞ്ഞുവന്നപ്പോള്‍ അച്ഛനും അമ്മയ്ക്കും ഒന്നും ചെയ്യാനായില്ലെന്ന് മകനും പറഞ്ഞു. രക്ഷപ്പെടാന്‍ തകര്‍ന്ന സാധനസാമഗ്രികളുടെ മുകളില്‍ കയറി നില്‍ക്കുകയായിരുന്നു അവര്‍.