തുറന്നുവിടുക സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം; 64 കുടുംബങ്ങളെ മാറ്റും; പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം 

ഇടുക്കിയില്‍ നിന്ന് വെള്ളം ഒഴുകി വരുന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
ഇടുക്കി ഡാം/ഫയല്‍ ചിത്രം
ഇടുക്കി ഡാം/ഫയല്‍ ചിത്രം

ഇടുക്കി : ഇടുക്കി ഡാം തുറക്കുന്നതിന്റെ ഭാഗമായി 64 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും. അണക്കെട്ട് തുറക്കുമ്പോള്‍ നേരിട്ട് ബാധിക്കാനിടയുള്ള 222 പേരെയാണ് മാറ്റി പാര്‍പ്പിക്കുന്നത്. നാളെ രാവിലെ 11 ന് അണക്കെട്ടിന്റെ ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നു വിടുകയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 

അതീവ ജാഗ്രതാ നിര്‍ദേശം

ഇന്നു വൈകീട്ട് ആറു മണിക്ക് അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. ഇടുക്കിയില്‍ നിന്ന് വെള്ളം ഒഴുകി വരുന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പെരിയാര്‍ തീരത്ത് ജനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. 

രാവിലെ ഏഴു മണിക്ക് ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വ് ആയ 2398.86 അടിയിലെത്തുമെന്നാണ് വിലയിരുത്തല്‍. ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍, ജലനിരപ്പ് 2395 അടിയിലേക്ക് താഴ്ത്തി നിര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്. 

ആശങ്ക വേണ്ടെന്ന് മന്ത്രി

ഇടുക്കി ഡാം തുറക്കുന്നത് മഴ തുടരാനുള്ള സാധ്യത പരിഗണിച്ചാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആശങ്കയുടെ ആവശ്യമില്ല. മുന്‍കരുതല്‍ നടപടികളാണ് കൈക്കൊള്ളുന്നത്. പെരിയാറില്‍ ജലനിരപ്പില്‍ നേരിയ വര്‍ധനയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

ഇടമലയാർ നാളെ തുറക്കും

ഇടമലയാര്‍ അണക്കെട്ട് തുറക്കാന്‍ തീരുമാനിച്ചു. അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ നാളെ തുറക്കാനാണ് ഉന്നത തല സമിതി യോഗം തീരുമാനിച്ചത്. നാളെ രാവിലെ ആറുമണിക്ക് രണ്ടു ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ വീതം തുറക്കും. പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ഇടമലയാര്‍ ഡാമിലെ പരമാവധി ജല നിരപ്പ് 169 മീറ്ററും നിലവിലെ വെള്ളത്തിന്റെ അളവ് 165.45 മീറ്ററുമാണ്. സാധാരണ നിലയില്‍ റെഡ് അലര്‍ട്ട് നല്‍കി, വെള്ളത്തിന്റെ അളവ് 166.80 മീറ്ററിന് മുകളില്‍ ആകുന്ന ഘട്ടത്തില്‍ മാത്രമാണ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാറുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com