കാത്തിരുന്ന് പ്രളയം ഉണ്ടാക്കരുത്, ഇടുക്കി ഡാം ഉടന്‍ തുറക്കണമെന്ന് ഡീന്‍ കുര്യാക്കോസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th October 2021 11:36 AM  |  

Last Updated: 18th October 2021 11:36 AM  |   A+A-   |  

IDUKKI DAM WATER LEVEL

ഇടുക്കി ഡാം, ഫയല്‍

 

ഇടുക്കി : ഇടുക്കി ഡാം ഉടന്‍ തുറക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. 2385 അടിയായി ജലനിരപ്പ് നിജപ്പെടുത്തണം. ഡാം തുറക്കാന്‍ കാത്തിരുന്ന് പ്രളയം ഉണ്ടാക്കരുതെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. ഇനി ഒരു അമാന്തവും കൂടാതെ, അടിയന്തിരമായി ഡാം തുറന്നുവിട്ട് ആ മേഖലയില്‍ എടുക്കേണ്ടതായ മുന്‍ കരുതലുകളെടുക്കണം. 

യാതൊരു കാരണവശാലും ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് അത്യാഹിതം ഉണ്ടാകാന്‍ പാടില്ലെന്നും ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. അതേസമയം നിലവിലെ നീരൊഴുക്കിന്റെ അടിസ്ഥാനത്തില്‍ ഇന്നു വൈകീട്ടോടെ  ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.  2397.86 അടി എത്തുമ്പോഴാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക.

ഭയപ്പെടേണ്ട സാഹചര്യമില്ല

നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. കൃത്യമായ മുന്നറിയിപ്പുകള്‍ക്ക് ശേഷം മാത്രമേ ഡാം തുറക്കുകയുള്ളൂ. ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ കൈക്കൊള്ളേണ്ട എല്ലാ മുന്നോരുക്കങ്ങളും നടത്തിയിട്ടുണ്ട് എന്നും അസിസ്റ്റന്റ് എന്‍ജിനീയര്‍ സജു വ്യക്തമാക്കി. 

ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.10 അടിയാണ്. രാവിലെ ഏഴുമണിക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ് 2396.86 അടി കഴിഞ്ഞശേഷമാണ് ഓറഞ്ച് ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. നാളെ ഉച്ചയോടെ റൂള്‍ ലെവലില്‍ ജലനിരപ്പ് എത്തിയാല്‍ തുറന്നുവിടേണ്ട സാഹചര്യം ഉണ്ടാകുന്ന പക്ഷം ഉന്നത അധികൃതരുടെ നിര്‍ദേശവും, നീരൊഴുക്കും വിലയിരുത്തി അടിയന്തര നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ പറഞ്ഞു. 

വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞു
 

കളക്ടറേറ്റ് അടക്കം എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ടു വരുന്നുണ്ട്. ഇന്നലെ 168 മില്ലി മീറ്റര്‍ മഴയാണ് പെയ്തത്. എന്നാല്‍ ഇന്ന് തെളിഞ്ഞ അന്തരീക്ഷമാണുള്ളത്. വൃഷ്ടിപ്രദേശത്തും മഴ കുറഞ്ഞിട്ടുണ്ട്. രണ്ടു ദിവസം കൂടി തെളിഞ്ഞ അന്തരീക്ഷമാണെങ്കില്‍ ജലനിരപ്പ് താഴും. അല്ലെങ്കിലും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ സജു അറിയിച്ചു.