കട കുത്തിപ്പൊളിച്ച് 60,000 രൂപ മോഷ്ടിച്ചു, 'മെഡിക്കല്‍ ഷോപ്പ് സ്‌പെഷ്യലിസ്റ്റ്' പിടിയില്‍; നൂറിനടുത്ത് കേസുകള്‍

മെഡിക്കല്‍ ഷോപ്പ് കുത്തി തുറന്ന് അറുപതിനായിരത്തോളം രൂപ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍
സിദ്ദിഖ്
സിദ്ദിഖ്

തൃശൂര്‍: മെഡിക്കല്‍ ഷോപ്പ് കുത്തി തുറന്ന് അറുപതിനായിരത്തോളം രൂപ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. ആലുവ തോട്ടുമുഖം മഹിളാലയത്തിനു സമീപം താമസിക്കുന്ന പള്ളിക്കുന്നത്ത് വീട്ടില്‍ സിദ്ദിഖ്  (52) ആണ് പിടിയിലായത്.മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതിനാല്‍ 'മെഡിക്കല്‍ ഷോപ്പ് സ്‌പെഷ്യലിസ്റ്റ്' എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. എറണാകുളം തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി നൂറിനടുത്ത് മോഷണ കേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ.

കഴിഞ്ഞ മാസം 26 ന് ചാലക്കുടി  ആനമല ജംഗ്ഷനിലെ അന്ന എന്ന മെഡിക്കല്‍ ഷോപ്പിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് മേശയില്‍ സൂക്ഷിച്ചിരുന്ന അറുപതിനായിരത്തോളം രൂപ മോഷ്ടിച്ചു എന്നതാണ് കേസ്്. കടയുടമ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉടന്‍ ചാലക്കുടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിദ്ദിഖ് പിടിയിലായത്.

സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മോഷ്ടാവ് സിദ്ദിഖാണെന്ന അനുമാനത്തില്‍ ഇയാളെ തിരഞ്ഞ് ആലുവയിലെത്തിയ പൊലീസ് സംഘത്തിന് നീണ്ട നാളായി ഇയാള്‍ വീട്ടില്‍ വരാറില്ലെന്നും അടുത്തിടെയാണ് ജയില്‍ മോചിതനായ തെന്നും വിവരം ലഭിച്ചു. ഇതിനെ തുടര്‍ന്ന് ഇയാളെ തിരഞ്ഞ് റെയില്‍വേ സ്റ്റേഷനുകളിലും ബസ്റ്റാന്റുകളിലും ബിവറേജ് ഷോപ്പുകളിലും ബാറുകളിലും നടത്തിയ അന്വേഷണത്തിലാണ് സിദ്ദിഖിനെ ഇന്ന് രാവിലെ അങ്കമാലിയില്‍ നിന്നും പിടികൂടിയത്.തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുളള സംഘമാണ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ചാലക്കുടിയിലെ മെഡിക്കല്‍ ഷോപ്പ് കുത്തി തുറന്ന് മോഷണം നടത്തിയതായും അടുത്തിടെയായി ഇരിങ്ങാലക്കുട, ആലുവ, പറവൂര്‍, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി എന്നിവിടങ്ങളില്‍ മോഷണം നടത്തിയതായും പ്രതി സമ്മതിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com