ഓൺലൈൻ ക്ലാസ് അവസാനിച്ചു; കോളജുകൾ ഇന്ന് പൂർണമായി തുറക്കുന്നു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th October 2021 07:36 AM  |  

Last Updated: 25th October 2021 08:02 AM  |   A+A-   |  

college students

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകൾ ഇന്ന് പൂർണമായി തുറക്കുന്നു. ഒന്ന്, രണ്ട് വർഷ ബിരുദ ക്ലാസുകളും ഒന്നാം വർഷ ബിരുദാനന്തര ക്ലാസുകളും ഇന്നാരംഭിക്കും. അവസാന വർഷ ക്ലാസുകൾ നേരത്തേ തുടങ്ങിയിരുന്നു. ഒന്നര വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷമാണ് കോളജുകളിൽ ഇന്ന് മുതൽ പൂർണതോതിൽ അധ്യയനം തുടങ്ങുന്നത്. 

ഈ മാസം പതിനെട്ടിന് ക്ലാസുകൾ തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും കനത്ത മഴയെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്ലാസുകൾ. ഓൺലൈൻ ക്ലാസ് ഇനിയുണ്ടാകില്ല. 

നവംബർ ഒന്നിനു സ്കൂളുകളും തുറക്കും

നവംബർ ഒന്നിനു സ്കൂളുകൾ കൂടി തുറക്കുന്നതോടെ കോവിഡിനു മുൻപുള്ള സ്ഥിതിയിലേക്ക് വിദ്യാഭ്യാസമേഖലയെ എത്തിക്കാമെന്നാണ് കരുതുന്നത്. സ്കൂൾ തുറക്കുന്നതിനുള്ള നടപടികൾ 27 ന് അകം പൂർത്തിയാക്കണമെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധികൃതർക്കു നിർദേശം നൽകി. സ്കൂളുകൾക്കു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതില്ലെങ്കിൽ തൊട്ടടുത്ത സ്കൂളിൽ കുട്ടികളെ പഠിപ്പിക്കാനാകുമോ എന്നു പരിശോധിക്കണമെന്നും മന്ത്രി നിർദേശിച്ചു. സാനിറ്റൈസർ, തെർമൽ സ്കാനർ, ഓക്സിമീറ്റർ എന്നിവ ഒരുക്കണം. കുട്ടികൾക്കു ഹോമിയോ പ്രതിരോധ മരുന്ന് ഉറപ്പാക്കണം.