

കൊച്ചി: ജലനിരപ്പ് ഉയര്‍ന്നതോടെ വീണ്ടും മുല്ലപ്പെരിയാര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. കാലപഴക്കം ചെന്ന ഡാമിന് പകരം പുതിയ ഡാം നിര്‍മ്മിയ്ക്കണമെന്ന വാദം വിവിധ കോണുകളില്‍ നിന്ന് ശക്തമായി ഉയരുന്നുണ്ട്. ജലനിരപ്പ് താഴ്ത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാടിന് കഴിഞ്ഞദിവസമാണ് കത്തയച്ചത്. അതിനിടെ മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതി വിധി കേരളത്തിനെതിരാകാനുള്ള കാരണങ്ങള്‍ നിരത്തി കൊണ്ട് സുജിത് കുമാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.
കുറിപ്പ്:
മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതി വിധി കേരളത്തിനെതിരാകാന്‍ എന്താണ് കാരണം? മൂന്നു ഘട്ടങ്ങളില്‍ ആയി നടത്തിയ ബലപ്പെടുത്തലുകള്‍ മുല്ലപ്പെരിയാറിനെ പുതിയ അണക്കെട്ട് പോലെത്തന്നെ സുദൃഢമാക്കി എന്ന് കോടതിക്ക് സാങ്കേതിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബോദ്ധ്യപ്പെട്ടു എന്നതുകൊണ്ട് തന്നെ. അതായത് ഈ ബലപ്പെടുത്തലിനു ശേഷം മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ല , പൊളിച്ച് കളയണം എന്ന വാദത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്നര്‍ത്ഥം. മുല്ലപ്പെരിയാര്‍ ബലപ്പെടുത്തലിനു ശേഷം ഒരു നൂറ്റാണ്ട് പഴക്കമുള്ള വെറും ഒരു സുര്‍ക്കി ഡാം ആയി കണക്കാക്കാന്‍ കഴിയില്ല. മറിച്ച് ഒരു കോമ്പോസിറ്റ് ഡാം ആയി കണക്കാക്കേണ്ടി വരും. ഡാം ബലപ്പെടുത്തലില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്നുള്ള കാര്യം മനസ്സിലാക്കിയാല്‍ പൊട്ടാന്‍ തയ്യാറായി നില്‍ക്കുന്ന നൂറ്റാണ്ട് പഴക്കമുള്ള ഡാമാണ് മുല്ലപ്പെരിയാര്‍ എന്ന ഭീതി അസ്ഥാനത്താണെന്നു മനസ്സിലാക്കാന്‍ കഴിയും.
മുല്ലപ്പെരിയാര്‍ ഒരു ഗ്രാവിറ്റി ഡാം ആണ്. അതായത് അണക്കെട്ടിന്റെ ഭാരം ആണ് വെള്ളത്തെ തടഞ്ഞ് നിര്‍ത്തുന്നത്. കോണ്‍ക്രീറ്റ്, മണ്ണ്, കല്ല്, സുര്‍ക്കി മിശ്രിതം എന്നു വേണ്ട ഭാരവും ഉറപ്പും കൂട്ടിപ്പിടുത്തവും നല്‍ക്കാന്‍ കഴിയുന്ന ഏത് പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചും ഗ്രാവിറ്റി ഡാമുകള്‍ നിര്‍മ്മിക്കാം. ഓരോ പ്രദേശങ്ങളിലെയും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയ്ക്കും സാങ്കേതിക പരിചയത്തിനും അനുസരിച്ചും ലോകത്ത് എല്ലായിടത്തും തന്നെ ഈ പറഞ്ഞ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് നിര്‍മ്മിച്ച ഡാമുകള്‍ കാണാന്‍ കഴിയും. മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്നത് ചുണ്ണാമ്പ് സുര്‍ക്കി മിശ്രിതം ആണ്. കാലപ്പഴക്കത്താല്‍ അണക്കെട്ടിനു ബലക്ഷയം ഉണ്ടാകുന്നു എന്നതിനര്‍ത്ഥം വിള്ളലുകള്‍ ഉണ്ടാവുകയും അവയിലൂടെ ഡാമിനു ഭാരം നല്‍കുന്ന സുര്‍ക്കി മിശ്രിതം നഷ്ടപ്പെടുകയും ചെയ്തു എന്ന അനുമാനമാണ് മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഉണ്ടായത്. ഗുജറാത്തിലെ മോര്‍വി അണക്കെട്ട് ദുരന്തത്തെത്തുടര്‍ന്നാണ് പഴക്കം ചെന്ന അണക്കെട്ടായ മുല്ലപ്പെരിയാറും ഡീകമ്മീഷണ്‍ ചെയ്യണമെന്ന വാദത്തിനു വലിയ മാദ്ധ്യമ ശ്രദ്ധ ലഭിക്കുന്നത്. തുടര്‍ന്ന് അണക്കെട്ട് പൊളിച്ച് കളയുകയാണോ ബലപ്പെടുത്തുകയാണോ പ്രായോഗികം എന്ന ചോദ്യമുയര്‍ന്നപ്പോള്‍ സ്വാഭാവികമായും ബലപ്പെടുത്തുക എന്ന നിര്‍ദ്ദേശത്തിന് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ വഴങ്ങിയിട്ടുണ്ടാകാം. ഇടുക്കി ഡാം അടിയന്തിരമായി പൊളിച്ച് കളയണോ അതോ ബലപ്പെടുത്തണോ എന്നൊരു ചര്‍ച്ച ഇന്ന് ഉയര്‍ന്ന് വന്നാലും ബലപ്പെടുത്താനുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ നിലവിലിരിക്കെ അങ്ങനെ ഒരു തീരുമാനത്തിലേക്ക് പോകാനേ സാദ്ധ്യതയുള്ളൂ എന്ന് മനസ്സിലാക്കാനാകും. അതനുസരിച്ച് മൂന്നു ഘട്ടങ്ങളില്‍ ആയി ബലപ്പെടുത്തലുകള്‍ നടന്നു. ഈ ബലപ്പെടുത്തലുകള്‍ എന്തായിരുന്നു എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. അതു കഴിഞ്ഞതിനു ശേഷം ആശങ്കപ്പെടാം.
1. ഒരു ഗ്രാവിറ്റി ഡാമിനെ സംബന്ധിച്ചിടത്തോളം ഭാരം പരമപ്രധാനം ആയതിനാല്‍ ഭാരം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡാമിന്റെ ഏറ്റവും മുകളിലായി 21 അടി വീതിയില്‍ മൂന്ന് അടി കനത്തില്‍ മുഴുവന്‍ നീളത്തിലും കോണ്‍ക്രീറ്റ് പാളി ഉണ്ടാക്കി. ഇത് ഡാമിന്റെ മൊത്തം ഭാരം 12000 ടണ്‍ അധിക ഭാരം നല്‍കി.
2. ഡാമിന്റെ മുന്‍ വശത്ത് നിന്ന് അഞ്ചു അടി മാറി ഏറ്റവും മുകളില്‍ നിന്ന് താഴെ വരെ അടിത്തട്ടിലെ പാറയിലൂടെ 30 അടി താഴ്ചയില്‍ നാലിഞ്ച് വ്യാസമുള്ള ദ്വാരങ്ങള്‍ തുരന്നെടുത്തു. ഇതിലൂടെ 7 മില്ലിമീറ്റര്‍ വ്യാസമുള്ള ഉയര്‍ന്ന വലിവ് ബലം താങ്ങാന്‍ ശേഷിയുള്ള 34 ഉരുക്ക് വടങ്ങള്‍ കൂട്ടീ ബന്ധിപ്പിച്ച് ഇറക്കി. സ്റ്റീല്‍ വയറുകളെ അടിത്തട്ടിലെ പാറയുമായി ഉറപ്പിച്ച് നിര്‍ത്താനായി വളരെ പെട്ടന്ന് സെറ്റ് ആകുന്ന കോണ്‍ക്രീറ്റ് മിശ്രിതം ഈ ദ്വാരങ്ങളിലൂടെ പമ്പ് ചെയ്ത് നിറച്ചു. ഇത്തരത്തില്‍ നിശ്ചിത ദൂരം ഇടവിട്ട് ഡാമിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ മൊത്തം 95 കേബിള്‍ ആങ്കറുകള്‍ കോണ്‍ക്രീറ്റ് ആവരണത്തോടെ നിര്‍മ്മിച്ചു. ഇത് ഡാമിന് ഭൂകമ്പ പ്രതിരോധ ശേഷിയും ഉറപ്പും നല്‍കുവാന്‍ ഉപകരിക്കുന്നു.
3. ഡാമിന്റെ പിറകു വശത്ത് പത്തടി ആഴത്തില്‍ കോണ്‍ക്രിറ്റ് ഫൗണ്ടേഷന്‍ ഇട്ടൂകൊണ്ട് 32 അടി വീതിയില്‍ 145 അടി ഉയരത്തില്‍ കോണ്‍ക്രീറ്റ് ചുവര്‍ നിര്‍മ്മിച്ചു. പഴയ ഡാം സ്ട്രക്ചറും ഈ പുതിയ ഡാം സ്ട്രക്ചറും തമ്മില്‍ കൂടിച്ചേര്‍ന്ന് ഒരൊറ്റ നിര്‍മ്മിതിയായി നിലനില്‍ക്കുന്ന രീതിയില്‍ ആണ് ഇത് രൂപകല്പന ചെയ്തത്.
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ അതി വൈകാരികത ഒഴിവാക്കി പരിശോധിച്ച് നോക്കിയാല്‍ ഈ ഭീതി പരത്തുന്നതുപോലെ പൊട്ടാന്‍ വെമ്പി നില്‍ക്കുന്ന ജല ബോംബ് അല്ല മുല്ലപ്പെരിയാര്‍ ഡാം എന്ന് മനസ്സിലാക്കാം. അതിന് 'ഡാം വിദഗ്ദന്‍' ആകേണ്ട കാര്യമൊന്നുമില്ല. സമാനമായ ബലപ്പെടുത്തല്‍ പ്രക്രിയകള്‍ ലോകത്തെമ്പാടുമുള്ള പഴയ ഡാമുകളിലെല്ലാം ചെയുന്നതുമാണ്. അധികം വൈകാതെ തന്നെ നമുക്കും നമ്മുടെ പല ഡാമുകളും ഇതുപോലെ ബലപ്പെടുത്താനുള്ളതാണ്. പൊളിച്ച് കളഞ്ഞ് പുതിയത് പണിയുന്നതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല.
സുപ്രീം കോടതിയ്ക്ക് കേരളത്തിലെ ജനങ്ങളോട് എന്തെങ്കിലും വൈരാഗ്യമോ തമിഴ്‌നാടിനോട് പ്രത്യേകമായി സ്‌നേഹമോ ഉണ്ടാകാനുള്ള യാതൊരു സാദ്ധ്യതയുമില്ല. അനാവശ്യമായ ഭീതി പരത്താതിരിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates