ഉള്ള ചോറില്‍ മുളക് പൊടി ചാലിച്ച് കഴിച്ചു; നാട്ടുകാരുടെ കുത്തിനോവിക്കല്‍ താങ്ങാനാവാതെ  അച്ഛനും പോയി, പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീടിന്റെ അവസ്ഥ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th October 2021 08:16 AM  |  

Last Updated: 26th October 2021 08:17 AM  |   A+A-   |  

police_station

ചിങ്ങവനം പൊലീസ് സ്റ്റേഷന്‍ /ടെലിവിഷന്‍ ചിത്രം


കുറിച്ചി: പീഡനത്തിന് ഇരയായ 11കാരിയുടെ അച്ഛന്‍ തൂങ്ങിമരിച്ച സംഭവമായിരുന്നു കഴിഞ്ഞ ദിവസം നാടിനെ നടുക്കിയത്. ദാരിദ്ര്യത്തിനും കഷ്ടതകള്‍ക്കും ഇടയില്‍ നാട്ടുകാരുടെ കുത്തുവാക്കുകള്‍ കൂടി നേരിട്ടതോടെയാണ് യുവാവ് ജീവനൊടുക്കിയത്. കടുത്ത ദാരിദ്ര്യത്തിലൂടെയാണ് ഈ കുടുംബം കടന്നു പോയിരുന്നത്.

ഇവരുടെ വീട്ടില്‍ അടുപ്പ് പുകഞ്ഞിട്ട് ദിവസങ്ങളായിരുന്നു. ചോറുവെച്ച ദിവസം മുളക് പൊടി വിതറിയാണ് കഴിച്ചത്. കറി വെക്കാനുള്ള വക കണ്ടെത്താന്‍ അവര്‍ക്കാവുന്നുണ്ടായില്ല. അടച്ചുറപ്പില്ലാത്ത വീടാണ് ഇവരുടേത്. വാതിലുകളും ജനലുകളും അവിടവിടെ പൊളിഞ്ഞിരിക്കുന്നു. 

വീടിന് ചുറ്റം മലിന ജലമാണ് കെട്ടികിടക്കുന്നത്. മകള്‍ പീഡനത്തിന് ഇരയായതിനെ മനക്കരുത്തിലൂടെ നേരിടാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും നാട്ടുകാരില്‍ ചിലരുടെ കുത്തുവാക്കുകള്‍ വീണ്ടും അവരെ തളര്‍ത്തി. പ്രതിയുടെ കയ്യില്‍ നിന്ന് രണ്ട് ലക്ഷം രൂപ വാങ്ങി കേസ് ഒതുക്കിയോ എന്ന് ചിലര്‍ ചോദിച്ചത് കുട്ടിയുടെ അച്ഛനെ കടുത്ത മാനസിക സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. 

കൂലിപ്പണി ചെയ്താണ് യുവാവ് കുടുംബം നോക്കിയിരുന്നത്. മകള്‍ക്ക് ഇങ്ങനെയൊരു ദുരനുഭവം നേരിട്ടതിന് ശേഷവും അവരെ സഹായിക്കാനും ഒപ്പം നില്‍ക്കാനും ആരും മുന്‍പോട്ട് വന്നില്ല. കേസിനൊന്നും പോകാനുള്ള പണം അവരുടെ കയ്യിലുണ്ടായില്ല. 

അമ്മയും രണ്ട് പെണ്‍മക്കളും ഉള്‍പ്പെടുന്ന കുടുംബം ഇനി എങ്ങനെ മുന്‍പോട്ട് പോകുമെന്നറിയാതെ നില്‍ക്കുകയാണ്. പലചരക്ക് കടക്കാരനായ കുറിച്ചി പുലികുഴിമറ്റം കുളങ്ങര യോഗിദാസന്‍(74)നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.