മുല്ലപ്പെരിയാർ; ജല നിരപ്പ് 138 അടിയെത്തിയാൽ സ്പിൽവേ വഴി ഒഴുക്കിക്കളയും; കേരളത്തിന് തമിഴ്നാടിന്റെ ഉറപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th October 2021 08:39 PM  |  

Last Updated: 26th October 2021 08:39 PM  |   A+A-   |  

Water_from_Mullaperiyar

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ശനിയാഴ്ച വരെ 138 അടിയിൽ നിലനിർത്തുമെന്ന് തമിഴ്നാടിന്റെ ഉറപ്പ്. ഉദ്യോഗസ്ഥതല ചർച്ചയിലാണ് തമിഴ്നാടിന്റെ ഉറപ്പ് നൽകിയത്. ജലനിരപ്പ് 138 അടിയിലെത്തിയാൽ സ്പിൽവേ വഴി ജലം ഒഴുക്കിക്കളയും. 

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടി കവിയാൻ അനുവദിക്കരുതെന്ന് തമിഴ്നാടിനോട് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാർ തുറക്കേണ്ടി വന്നാൽ അധിക ജലം ഇടുക്കി ഡാമിന് ഉൾക്കൊള്ളാനാകില്ല. ജലനിരപ്പ് 138 അടിയിലേക്ക് നീങ്ങിയതോടെ ജില്ലാ ഭരണകൂടം മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. 

നിലവിൽ 137.6 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. മഴയ്ക്ക് ശമനമായതോടെ നീരൊഴുക്കിലും  കുറവുവന്നു. സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്നതിന് 24 മണിക്കൂർ മുൻപെങ്കിലും അറിയിക്കണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

നേരത്തെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിർത്തണമെന്ന് ഉന്നതതല സമിതി യോഗത്തിൽ കേരളം ആവശ്യപ്പെട്ടിരുന്നു. 139.99 അടിയായി ജല നിരപ്പ് നിലനിർത്തണമെന്ന് 2018ൽ സുപ്രീം കോടതി നിർദേശിച്ചത് കേരളം ചൂണ്ടിക്കാട്ടി. അന്നത്തെ സാഹചര്യത്തേക്കാൾ മോശം അവസ്ഥയാണ് ഇപ്പോൾ. കേരളത്തിൽ തുലാവർഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറിൽ ജലനിരപ്പു വർധിച്ച് ഒഴുക്കി കളയേണ്ട അവസ്ഥ വന്നാൽ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടെ കൂടുതൽ ജലം ഉൾക്കൊള്ളാൻ കഴിയില്ല. അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്‌നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടു. 

മുല്ലപ്പെരിയാർ ഉന്നതതല സമിതി യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു മന്ത്രി റോഷി അഗസ്റ്റിൻ, അഡിഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് ഐഎഎസ് തുടങ്ങിയവർ പങ്കെടുത്തു. അഡിഷനൽ ചീഫ് സെക്രട്ടറി (പിഡബ്ല്യുഡി, തമിഴ്‌നാട് പ്രതിനിധി) സന്ദീപ് സക്‌സേന ഐഎഎസ്, കേന്ദ്ര ജലകമ്മിഷൻ അംഗവും മുല്ലപ്പെരിയാർ ഉന്നതതല സമിതി ചെയർമാനുമായ ഗുൽഷൻ രാജ് എന്നിവരും യോഗത്തിൽ  പങ്കെടുത്തു.