'നന്നായി കൃഷി ചെയ്‌തോളാം സാര്‍....'; കൊറിയയില്‍ ഉള്ളി കൃഷി ചെയ്യാന്‍ മലയാളികളുടെ വന്‍ തിരക്ക്, അപേക്ഷകര്‍ അയ്യായിരത്തോളം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th October 2021 10:19 AM  |  

Last Updated: 26th October 2021 10:19 AM  |   A+A-   |  

onion

ഫയല്‍ ചിത്രം

 

കൊച്ചി : ഉള്ളി കൃഷിക്കായി ദക്ഷിണ കൊറിയയില്‍ അവസരം തേടി മലയാളികളുടെ വന്‍ തിരക്ക്. അപേക്ഷകരുടെ ബാഹുല്യം മൂലം സംസ്ഥാന സര്‍ക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡേപെകിന്റെ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. അപേക്ഷകരുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നതോടെ, പുതിയ അപേക്ഷ സ്വീകരിക്കുന്നത് തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. 

സംസ്ഥാന സര്‍ക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡേപെക് മുഖേന 100 ഒഴിവുകളിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പിനായി രണ്ടു ദിവസത്തിനിടെ അയ്യായിരത്തോളം പേരാണ് അപേക്ഷിച്ചത്. ദക്ഷിണ കൊറിയയില്‍ കൃഷി ജോലിക്കായി 22 നാണ് ഒഡേപെക് അപേക്ഷ ക്ഷണിച്ചത്. പത്താം ക്ലാസ് ആണ് ജോലിക്ക് വേണ്ട യോഗ്യത. പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളമാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. 

നന്നായി കൃഷി ചെയ്‌തോളാം സാര്‍...

'നന്നായി കൃഷി ചെയ്‌തോളാം സാര്‍....', 'കോവിഡ് കാരണം ജീവിതം വന്‍ പ്രതിസന്ധിയിലാണ്, പരിഗണിക്കണം' എന്നിങ്ങനെ നിരവധി പേര്‍ ഒഡേപെക് ഓഫീസിലേക്ക് വിളിച്ചും അഭ്യര്‍ത്ഥിച്ചു. ഒഡേപെക് റിക്രൂട്ടിങ് ഏജന്‍സി മാത്രമാണെന്നും, നിയമനം നല്‍കുന്നത് കൊറിയന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ബോധവല്‍ക്കരിക്കാന്‍ സെമിനാര്‍

കൊറിയയിലെ ജീവിത സാഹചര്യം, കൃഷിരീതി, ജീവിതച്ചെലവ്, സംസ്‌കാരം തുടങ്ങിയവ സംബന്ധിച്ച് അപേക്ഷകരെ ബോധവല്‍ക്കരിക്കാന്‍ നാളെ (ബുധനാഴ്ച ) തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലും, 29 ന് എറണാകുളം ടൗണ്‍ഹാളിലും സെമിനാര്‍ നടത്തുന്നുണ്ട്. 

ദക്ഷിണ  കൊറിയന്‍ സര്‍ക്കാരിന്റെ കീഴിലുള്ള കാര്‍ഷിക പദ്ധതിയിലേക്കാണ് കേരളത്തില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. സവാള കൃഷിയാണു പ്രധാനം. കൊറിയന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സുമായി ചേര്‍ന്നാണ് നിയമനം. 100 പേര്‍ക്കാണ് തുടക്കത്തില്‍ ജോലി ലഭിക്കുക. 1000 പേരെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

സവാള കൃഷി

കാര്‍ഷിക വൃത്തിയില്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട് . 25-40 വയസ് ആണ് പ്രായപരിധി. ഇംഗ്ലീഷ് ഭാഷയില്‍ അടിസ്ഥാന അറിവുണ്ടാവണം. സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ കൃഷി രീതിയാണ് നടപ്പിലാക്കുന്നത് എങ്കിലും മനുഷ്യ അധ്വാനവും വേണ്ടി വരുമെന്ന് അറിയിച്ചിട്ടുണ്ട്.