കേരളത്തിലെ കാന്‍സര്‍ ചികിത്സയുടെ പര്യായം; കുറിപ്പ്

RCC - യെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും വേര്‍പെടുത്താനുള്ള ശ്രമത്തിനെതിരെ വലിയ പ്രക്ഷോഭമുണ്ടായി. അതില്‍ വിദ്യാര്‍ത്ഥികളുടെ സമരം നയിച്ചത് ഞാനായിരുന്നു
ഡോ. എസ്എസ് ലാല്‍, ഡോ. എം കൃഷ്ണന്‍ നായര്‍/ഫെയ്‌സ്ബുക്ക്‌
ഡോ. എസ്എസ് ലാല്‍, ഡോ. എം കൃഷ്ണന്‍ നായര്‍/ഫെയ്‌സ്ബുക്ക്‌

ന്നു പുലര്‍ച്ചെ അന്തരിച്ച അര്‍ബുദ രോഗ വിദഗ്ധന്‍ ഡോ. എം കൃഷ്ണന്‍ നായരെ ഓര്‍ക്കുകയാണ്, പൊതുജനാരോഗ്യ വിദഗ്ധനും കോണ്‍ഗ്രസ് നേതാവുമായ ഡോ. എസ്എസ് ലാല്‍ ഈ കുറിപ്പില്‍. ഒരുപാട് വര്‍ഷങ്ങള്‍ കേരളത്തിലെ കാന്‍സര്‍ ചികിത്സയുടെ പര്യായമായിരുന്നു അദ്ദേഹമെന്ന് ഡോ. ലാല്‍ ഓര്‍ത്തെടുക്കുന്നു.

കുറിപ്പ്: 

RCC സ്വന്തം പേരിന്റെ ഭാഗമാക്കിയ കൃഷ്ണന്‍ നായര്‍ സര്‍
കൃഷ്ണന്‍ നായര്‍ സാറിന്റെ വേര്‍പാടില്‍ വലിയ ദുഃഖമുണ്ട്. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ സാറുമായി എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. 
റീജിയണല്‍ കാന്‍സര്‍ സെന്റര്‍ എന്ന സ്ഥാപനം തുടക്കം മുതല്‍ ഞഇഇ എന്ന് അറിയപ്പെട്ടു. അന്ന് മുതല്‍ സ്ഥാപനത്തിന്റെ ആ ചുരുക്കപ്പേര് കൃഷ്ണന്‍ നായര്‍ സാറിന്റെ പേരിന് മുന്നില്‍ ചേര്‍ന്നു. അങ്ങനെ ഡോക്ടര്‍ കൃഷ്ണന്‍ നായര്‍ RCC കൃഷ്ണന്‍ നായര്‍ ആയി മാറി. 
ഒരുപാട് വര്‍ഷങ്ങള്‍ കേരളത്തിലെ കാന്‍സര്‍ ചികിത്സയുടെ പര്യായവും അദ്ദേഹമായിരുന്നു. കാന്‍സര്‍ രോഗത്തിനെതിരെ പടപൊരുതാന്‍ നീക്കിവച്ച ജീവിതം എന്നതിലുപരി വലിയ ദീര്‍ഘ വീക്ഷണവും നേതൃപാടവവും സംഘാടക ശേഷിയുമുള്ള ഒരു മഹാനായിരുന്നു കൃഷ്ണന്‍ നായര്‍ സര്‍.
വിദ്യാര്‍ത്ഥി നേതാവായിരുന്നപ്പോള്‍ എനിക്ക് അദ്ദേഹവുമായി ഒരുപാട് തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. RCC - യെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും വേര്‍പെടുത്താനുള്ള ശ്രമത്തിനെതിരെ വലിയ പ്രക്ഷോഭമുണ്ടായി. അതില്‍ വിദ്യാര്‍ത്ഥികളുടെ സമരം നയിച്ചത് ഞാനായിരുന്നു. പൊതു സമരം ഒത്തുതീര്‍പ്പായെങ്കിലും വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് ഞങ്ങള്‍ ശഠിച്ചു. പുതിയ കെട്ടിടത്തിലേയ്ക്ക് ആര്‍.സി.സി യുടെ പ്രവര്‍ത്തനം മാറ്റാന്‍ അങ്ങനെ താമസമുണ്ടായി. ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം കൂടി അദ്ദേഹം അംഗീകരിച്ചു. ഞങ്ങള്‍ സമരം പിന്‍വലിച്ചു.
തനിക്കെതിരെ സമരം ചെയ്യുമ്പോഴും വിദ്യാര്‍ത്ഥികളെ അദ്ദേഹം ശത്രുതയോടെ കണ്ടില്ല. മറിച്ച് വലിയ സ്‌നേഹത്തോടെ പെരുമാറി. വിദ്യാര്‍ത്ഥികളുടെയും ഐ.എം.എ യുടെയും ഒക്കെ പരിപാടികളിലും പദ്ധതികളിലും വലിയ സഹായങ്ങള്‍ ചെയ്തു. പ്രത്യേകിച്ച് കാന്‍സര്‍ പരിശോധന കാമ്പുകളും ചികിത്സയുമൊക്കെ പിന്തുണയ്ക്കുന്ന കാര്യത്തില്‍.
എല്ലാ രാഷ്ടീയക്കാരുമായും കൃഷ്ണന്‍ നായര്‍ സാറിന് നല്ല ബന്ധമായിരുന്നു. ആ ബന്ധങ്ങളെല്ലാം സ്ഥാപനത്തിന്റെ ഉന്നമനത്തിനായി മാത്രം ഉപയോഗിച്ചു. അതിന്റെ ഗുണം പൊതുജനങ്ങള്‍ക്ക് കിട്ടി. RCC വരുന്നതിന് മുമ്പ് കാന്‍സര്‍ ചികിത്സയ്ക്ക് നമ്മുടെ നാട്ടുകാര്‍ മറ്റു സംസ്ഥനങ്ങളിലേയ്ക്ക് പോയിരുന്നു. ഞഇഇ വളര്‍ന്നപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ജനങ്ങള്‍ ഇവിടേയ്ക്ക് വരാന്‍ തുടങ്ങി.
കൃഷ്ണന്‍ നായര്‍ സര്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. അദ്ദേഹം കര്‍മ്മനിരതനായ നേതാവായിരുന്നു എന്നതിന് തെളിവാണത്. ഒരു വലിയ സ്ഥാപനം കെട്ടിപ്പടുത്ത് അതിനെ നീണ്ട കാലം നയിച്ചപ്പോള്‍ വിമര്‍ശനങ്ങള്‍ ഉണ്ടായത് സ്വാഭാവികം. ഒരു വെല്ലുവിളിയും ഏറ്റെടുക്കാതെ മെഡിക്കല്‍ കോളേജിലെ പ്രൊഫസറായിരുന്ന് വിരമിച്ചെങ്കില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഒഴിവായേനേ. പക്ഷേ, അദ്ദേഹം വിമര്‍ശനങ്ങളെ ഭയക്കുന്ന ഒരു ഭീരുവല്ലായിരുന്നു.  
എനിക്ക് അദ്ദേഹവുമായുള്ള വ്യക്തി ബന്ധവും എക്കാലവും ഒരുപോലെ തുടര്‍ന്നു. ജീവിതത്തിന്റെ എല്ലാ പ്രധാന സംഭവങ്ങളും ഞാനദ്ദേഹത്തെ അറിയിച്ചിരുന്നു. ഇടയ്ക്ക് വെള്ളയമ്പലത്തെ വീട്ടില്‍ പോയി കാണുമായിരുന്നു. കുറച്ചു നാള്‍ മുമ്പ് വീണ്ടും ഞാനദ്ദേഹത്തിന്റെ വീട്ടില്‍ പോയി. വലിയ സ്‌നേഹത്തോടെ നോക്കിയിരിക്കുമ്പോഴും എന്റെ പേര് ഓര്‍ത്തെടുക്കാന്‍ അദ്ദേഹം ബുദ്ധിമുട്ടിയപ്പോള്‍ വിഷമം തോന്നി. സാറിന്റെ ഓര്‍മ്മകള്‍ മങ്ങിയതായി അദ്ദേഹത്തിന്റെ പത്‌നി വിഷമത്തോടെ പറഞ്ഞു. 
കേരളം കൃഷ്ണന്‍ നായര്‍ സറിന്റെ പേര് ഒരിക്കലും മറക്കില്ല. 
കൃഷ്ണന്‍ നായര്‍ സറിന് വിട 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com