മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് കൂടി; സെക്കന്‍ഡില്‍ ഒഴുകിയെത്തുന്നത് 5800 ഘനയടി വെള്ളം; ജലനിരപ്പ് 138.05 അടി; രണ്ടാം മുന്നറിയിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th October 2021 06:46 AM  |  

Last Updated: 28th October 2021 06:46 AM  |   A+A-   |  

mullaperiyar

മുല്ലപ്പെരിയാർ /ഫയല്‍ ചിത്രം

 

തൊടുപുഴ : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 138 അടി കടന്നു. നിലവിലെ ജലനിരപ്പ് 138.05 അടിയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയിട്ടുണ്ട്. ജലനിരപ്പ് ക്രമപ്പെടുത്താനായി അണക്കെട്ട് നാളെ തുറക്കുമെന്ന് തമിഴ്‌നാട് കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. 

രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ജലനിരപ്പ് 138 അടിയിലെത്തിയത്. ഇതേത്തുടര്‍ന്ന് രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സെക്കന്‍ഡില്‍ ഒഴുകിയെത്തുന്നത് 5800 ഘനയടി വെള്ളമാണ്. ഇതില്‍ 2300 ഘനയടി വെള്ളം തമിഴ്‌നാട് ഇപ്പോള്‍ കൊണ്ടുപോകുന്നുണ്ട്. ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാം വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് തുറക്കുമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിരിക്കുന്നത്. 

കേരളം സജ്ജമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

ഡാം തുറക്കുന്നതിന് കേരളം സജ്ജമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഡാം തുറക്കുന്നതിന് മുമ്പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനിടെ, തുലാവര്‍ഷം ശക്തമാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ മുല്ലപ്പെരിയാറിന്റെ 27 കിലോമീറ്റര്‍ ചുറ്റളവില്‍ 20 ക്യാമ്പുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. 

ഉപ്പുതറ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ രണ്ട് ഡെപ്യൂട്ടി കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആര്‍ഡിഒയെയും ചുമതലപ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാന്‍ ഉദ്യോഗസ്ഥരോട് സ്ഥലത്ത് ക്യാമ്പ് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ നിന്ന് ജലം ഇടുക്കിയിലേക്ക് സുഗമമായി ഒഴുകിയെത്തുന്നതിന് തടസ്സങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

കുപ്രചരണം നടത്തുന്നവർക്കെതിരെ കേസ്

884 കുടുംബങ്ങളിലെ മൂവായിരത്തിലധികം അംഗങ്ങളുടെ ഫോണ്‍ നമ്പര്‍ അടക്കം ജില്ലാ ഭരണകൂടം ശേഖരിച്ചു. ഏതെങ്കിലും തരത്തിലുള്ള അപകട ഭീഷണി ഉണ്ടായാല്‍ ഇവരെ നേരില്‍ വിവരം അറിയിക്കും. സമൂഹ മാധ്യമങ്ങളില്‍ അടക്കം കുപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി രാജന്‍ പറഞ്ഞു.

കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

അതേസമയം മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് മേല്‍നോട്ട സമിതി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ കേരളം ഇതിനെ എതിര്‍ത്തു. ജലനിരപ്പ് 139 അടിയായി നിജപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടു. പ്രദേശത്ത് കൂടുതല്‍ മഴ പെയ്താല്‍ ജലനിരപ്പ് ഉയരുമെന്നും അതു സുരക്ഷാ ഭീഷണി ഉണ്ടാക്കുമെന്നും കേരളം ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് സുപ്രീംകോടതി കേരളത്തോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ 10.30 നകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിലെ സ്ഥിതിഗതികള്‍ അടക്കം ചൂണ്ടിക്കാട്ടി വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് തെറ്റായ പ്രചാരണം നടക്കുകയാണെന്നും, അനാവശ്യ ഭീതി പരത്തുകയാണെന്നും തമിഴ്‌നാടിന്റെ അഭിഭാഷകന്‍ പറഞ്ഞു. കേസ് ദീപാവലി അവധിക്ക് ശേഷം പരിഗണിച്ചാല്‍ മതിയെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ നിര്‍ദേശം തള്ളിയ സുപ്രീംകോടതി, കേസ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.