'ചെറിയാന്‍ അങ്കിളിന് സ്വാഗതം'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th October 2021 05:57 PM  |  

Last Updated: 29th October 2021 06:11 PM  |   A+A-   |  

congress politics

ശബരീനാഥന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം

 

തിരുവനന്തപുരം: ഇടതുബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ ചെറിയാന്‍ ഫിലിപ്പിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്‍. രാഷ്ട്രീയനിലപാട് തെറ്റായിപോയി എന്ന് തിരിച്ചറിഞ്ഞ് സ്വന്തം തറവാട്ടിലേക്ക് തിരികെവരാന്‍ ആഗ്രഹിക്കുന്ന പ്രവര്‍ത്തകരെ ഉപാധികളില്ലാതെ സ്വീകരിക്കുന്ന ഹൃദയവിശാലതയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ചെറിയാന്‍ അങ്കിളിന് സ്വാഗതം'- ശബരീനാഥന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതായി ചെറിയാന്‍ ഫിലിപ്പ് അറിയിച്ചത്. 20 വര്‍ഷത്തിന് ശേഷം തറവാട്ടില്‍ മടങ്ങിയെത്തിയെന്നാണ് ചെറിയാന്‍ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവിനെ വിശേഷിപ്പിച്ചത്. 

തന്റെ വേരുകള്‍ കോണ്‍ഗ്രസിലാണ്. കോണ്‍ഗ്രസില്‍ തനിക്ക് സ്വതന്ത്രമായി അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ സിപിഎമ്മില്‍ അതില്ല. സ്വതന്ത്രമായി അഭിപ്രായം പറഞ്ഞാല്‍ പിന്നെ എകെജി സെന്ററില്‍ കയറാനാകില്ല. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അഭയകേന്ദ്രത്തില്‍ കിടന്ന് മരിക്കുന്നതിനേക്കാള്‍ സ്വന്തം വീട്ടില്‍ കിടന്ന് മരിക്കുന്നതാണ് നല്ലതെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

തന്റെ അധ്വാനത്തിന്റെ ഫലം കോണ്‍ഗ്രസിലുണ്ട്. താന്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍ കോണ്‍ഗ്രസ് നടപ്പാക്കിയിരിക്കുന്നു. സ്ഥിരം പദവിയിലുള്ളവര്‍ മാറണമെന്ന തന്റെ നിലപാട് കോണ്‍ഗ്രസ് ഇന്ന് ശരിവെച്ചിരിക്കുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കഴിഞ്ഞദിവസം കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചു. തിരിച്ചുവരവ് ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. 

ഇടതുബന്ധം  രാഷ്ട്രീയപ്രസക്തി ഇല്ലാതാക്കി

സിപിഎമ്മില്‍ തനിക്ക് നിരവധി സുഹൃത്തുക്കളുണ്ട്. സിപിഎമ്മിലെ ആരെയും കുറ്റപ്പെടുത്താനില്ല, ആരും ശത്രുക്കളല്ല. ഇടതുപക്ഷത്തേക്ക് വന്നപ്പോള്‍ സിപിഎം അംഗത്വമെടുക്കില്ലെന്ന് പറഞ്ഞിരുന്നു. ഇടതുസഹയാത്രികനായി തുടരുകയാണ് ചെയ്തത്. ഇടതുബന്ധം തന്റെ രാഷ്ട്രീയപ്രസക്തി ഇല്ലാതാക്കിയെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. 

സിപിഎം ഒരിക്കലും അവഗണിച്ചിട്ടില്ല. പക്ഷെ രാഷ്ട്രീയവ്യക്തിത്വം ആകാന്‍ സിപിഎം അനുവദിച്ചില്ല. എനിക്കെന്തെങ്കിലും കിട്ടാതെ പോയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം തനിക്കാണ്. തനിക്ക് എന്തെങ്കിലും പദവി നല്‍കാന്‍ പിണറായി വിജയനോ, കോടിയേരി ബാലകൃഷ്ണനോ കഴിഞ്ഞില്ലെങ്കില്‍ അതിന് അവരെ കുറ്റപ്പെടുത്താനാകില്ല. അത് സംഘടനാപരമായ പ്രശ്നങ്ങളായിരിക്കാം. 20 വര്‍ഷം ന്യായീകരണ തൊഴിലാളി ആയിരുന്നെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.