മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; 534 ഘനയടി വെള്ളം തുറന്നുവിടും; പെരിയാർ തീരത്ത് അതീവ ജാ​ഗ്രതാ നിർദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th October 2021 07:42 AM  |  

Last Updated: 29th October 2021 08:58 AM  |   A+A-   |  

mullaperiyar opened

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നപ്പോൾ / ചിത്രം : ന്യൂ ഇന്ത്യൻ എക്സ്പ്രസ്

 

ഇടുക്കി : ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ 3, 4 എന്നീ രണ്ടു ഷട്ടറുകളാണ് തുറന്നത്. 35 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 534 ഘനയടി വെള്ളമാണ് തുറന്നുവിടുക. മൂന്നു വർഷത്തിന് ശേഷമാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടർ തമിഴ്നാട് തുറക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 138.75 അടിയായി ഉയര്‍ന്നിട്ടുണ്ട്. ജലനിരപ്പ് 138 അടിയായി നിജപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്.

അതീവ ജാഗ്രതാ നിര്‍ദേശം

രാവിലെ ഏഴുമണിക്ക് ഷട്ടർ തുറക്കുമെന്നാണ് തമിഴ്നാട് അറിയിച്ചിരുന്നത്. എന്നാൽ തമിഴ്നാട് ഉദ്യോ​ഗസ്ഥർ വൈകിയതിനെ തുടർന്ന് ഏഴരയോടെയാണ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത്. വള്ളക്കടവിൽ 20 മിനുട്ടിനകവും രണ്ടു മണിക്കൂറിനകം ഇടുക്കി ഡാമിലും വെള്ളമെത്തും.  ജലനിരപ്പ് 0.25 അടി ഉയരും. അണക്കെട്ട് തുറക്കുന്നത് പരിഗണിച്ച് പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാറില്‍ 60 സെന്റിമീറ്റര്‍ ജലനിരപ്പ് ഉയരുമെന്നും  തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. 

അണക്കെട്ട് തുറക്കുന്നത് പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ രാജനും രാവിലെ തന്നെ മുല്ലപ്പെരിയാർ അണക്കെട്ടിലെത്തി. ഡാം തുറക്കുന്നത് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും, എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായി മന്ത്രിമാര്‍ പറഞ്ഞു. കേരളം സുസജ്ജമാണെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. 

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയില്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ ജലം തുറന്നു വിട്ടാല്‍ ഇടുക്കി ഡാമില്‍ നാലിലൊന്നു അടി മാത്രമേ ജലനിരപ്പ് ഉയരുകയുളളുവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മുല്ലപ്പെരിയാറില്‍ നിന്ന് തുറന്നു വിടുന്ന ജലം ഉള്‍ക്കൊള്ളാന്‍ ഇടുക്കിക്ക് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. 

ആശങ്ക വേണ്ടെന്ന് സർക്കാർ

മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കി വരെയുള്ള 24 കിലോമീറ്റര്‍ മുല്ലയാറില്‍ ഏകദേശം 60 സെ.മീ താഴെ മാത്രമാണ് ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളൂ.  പുഴയില്‍ രണ്ടടി വെള്ളമുയര്‍ന്നാല്‍ ബാധിക്കുന്ന 350 കുടുംബങ്ങളിലെ 1079 പേരെയും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. 11 കുടുബത്തിലെ 35 പേരെ വണ്ടിപ്പെരിയാര്‍ മോഹന ഓഡിറ്റോറിയത്തിലേക്കും നാല് കുടുബത്തിലെ 19 പേരെ വണ്ടിപ്പെരിയാര്‍ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും സജ്ജമാക്കിയ ക്യാമ്പിലേക്കും മാറ്റി. മറ്റുള്ളവര്‍ ബന്ധുവീടുകളിലേക്കും മാറി. 

മൂന്ന് താലൂക്കിലെ ഏഴ് വില്ലേജിലെ മാറ്റി പാര്‍പ്പിക്കേണ്ട വരെ മുഴുവനും കണ്ടെത്തിയിട്ടുണ്ട്. റവന്യു, ആരോഗ്യം, ഫയര്‍ഫോഴ്‌സ്, വനം, പൊലീസ് തുടങ്ങീ എല്ലാ വകുപ്പുകളും പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് സുരക്ഷാ ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.  ആളുകളെ  ഒഴിപ്പിച്ച വീടുകളുള്ള മേഖലയില്‍ പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തി. കട്ടപ്പന, പീരുമേട് താലൂക്ക് ആശുപത്രിയിലും വണ്ടിപ്പെരിയാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും അടിയന്തര ചികിത്സാ സംവിധാനമൊരുക്കി. 

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എസ്‌റ്റേറ്റുകളുടെ ഗേറ്റുകള്‍ എല്ലാം തുറന്നിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വില്ലേജ്, താലുക്ക്, കലക്ട്രേറ്റില്‍ ജില്ലാതലത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. എല്ലാവിധ സുരക്ഷാ ഉപകരണങ്ങളോടുകൂടി ഫയര്‍ഫോഴ്‌സും സജ്ജമാണെന്നും മന്ത്രി അറിയിച്ചു.