മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ നേരത്തെ തുറന്നത് കേരളത്തിന്റെ ആവശ്യപ്രകാരം: മന്ത്രി റോഷി അഗസ്റ്റിന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th October 2021 05:54 PM  |  

Last Updated: 30th October 2021 05:54 PM  |   A+A-   |  

Roshy Augustine in mullaperiyar

മന്ത്രിമാരായ കെ രാജനും റോഷി അഗസ്റ്റിനും മുല്ലപ്പെരിയാറില്‍/പിടിഐ


ഇടുക്കി: മുല്ലപ്പെരിയാറില്‍ കൂടുതല്‍ വെള്ളം തുറന്നുവിട്ടതില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.  കേരളം ആവശ്യപ്പെട്ടതുപ്രകാരമാണ് ഷട്ടറുകള്‍ നേരത്തെ തുറന്നത്. കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയില്ലെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മൂന്നുഷട്ടറുകള്‍ കൂടി ഉയര്‍ത്തിയിട്ടുണ്ട്. 1,5,6 ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. 1299 ഘനയടി വെളളംകൂടി പുറത്തേക്ക് ഒഴുക്കാനാണ് തമിഴ്‌നാടിന്റെ തീരുമാനം. 

പെരിയാറില്‍ വെള്ളം ഉയരും

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതോടെ, പെരിയാറില്‍ ജലനിരപ്പ് വീണ്ടും ഉയരും. നേരത്തെ മുല്ലപ്പെരിയാര്‍ തുറന്നതിനെ തുടര്‍ന്ന്, പെരിയാറില്‍ ജലനിരപ്പ് ഒന്നരയടി ഉയര്‍ന്നിരുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. 

നീരൊഴുക്ക് കൂടി

ഡാമില്‍ ജലനിരപ്പ് 139 അടിയിലേക്ക് ഉയരുകയാണ്. 138. 95അടിയാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. ഇന്നലെ രാവിലെ അണക്കെട്ട് തുറക്കുമ്പോള്‍ 138.80 അടിയായിരുന്നു ജലനിരപ്പ്. നിലവില്‍ 138 അടിയാണ് അപ്പര്‍ റൂള്‍ കര്‍വ് ലെവല്‍. അണക്കെട്ടിലേക്ക് 3160 അടി ജലം ഒഴുകിയെത്തുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2400 ക്യൂമെക്സ് ജലമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.

അണക്കെട്ട് തുറന്നിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ജലനിരപ്പ് റൂള്‍ കര്‍വ് ആയ 138 അടിയിലേക്ക് താഴാത്ത സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകുകയോ, സ്പില്‍വേ വഴി തുറന്നു വിടുകയോ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്നാടിന് രേഖാമൂലം കത്തു നല്‍കിയതായും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു.