തിരുവനന്തപുരം: കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനുള്ള അംഗത്വ വിതരണം കേരളപ്പിറവി ദിനമായ നാളെ ആരംഭിക്കും. കെപിസിസി ആസ്ഥാനത്ത് രാവിലെ 11ന് സംസ്ഥാനതല ഉദ്ഘാടനം നടക്കും. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും.
ബൂത്ത്, ബ്ലോക്ക് കമ്മിറ്റി തെരഞ്ഞെടുപ്പ്
നവംബർ ഒന്നു മുതൽ മാർച്ച് 31 വരെയാണ് അംഗത്വവിതരണം. ഡിസിസി തൊട്ട് താഴോട്ടുള്ള കമ്മിറ്റികൾ ഇതിനു നേതൃത്വം കൊടുക്കും. ഏപ്രിൽ ഒന്നിനും 15നും ഇടയിൽ, അംഗീകരിക്കപ്പെട്ട പാർട്ടി അംഗങ്ങളുടെ പട്ടിക ഡിസിസികൾ പ്രസിദ്ധീകരിക്കും. 16 മുതൽ ബൂത്ത്, ബ്ലോക്ക് കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് നടക്കും. ജൂൺ, ജൂലൈ മാസങ്ങളിൽ ഡിസിസികളിലെ തെരഞ്ഞെടുപ്പും ഓഗസ്റ്റിൽ കെപിസിസി തെരഞ്ഞെടുപ്പുകളും നടക്കും.
കെപിസിസി നേതൃയോഗങ്ങൾ
നവംബർ രണ്ട്, മൂന്ന് തീയതികളിൽ ചേരുന്ന കെപിസിസി നേതൃയോഗങ്ങൾ അംഗത്വ വിതരണത്തിന്റെ തയാറെടുപ്പുകൾ ചർച്ച ചെയ്യും. പുതുതായി രൂപീകരിച്ച യൂണിറ്റുകളെക്കൂടി അംഗത്വ വിതരണത്തിന്റെ ഭാഗമാക്കണമെന്ന നിർദേശം കെപിസിസി പരിഗണിക്കുന്നുണ്ട്. നിലവിലെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സംഘടനാ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവുമൊടുവിൽ 1992 ലാണ് കേരളത്തിൽ വാശിയേറിയ സംഘടനാ തെരഞ്ഞെടുപ്പ് കേരളത്തിൽ നടന്നത്. അന്ന് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എ കെ ആന്റണിയും വയലാർ രവിയും തമ്മിൽ നടന്ന മത്സരത്തിൽ വയലാർ രവി വിജയിച്ചു. പിന്നീടെല്ലാം ഗ്രൂപ്പുകൾ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയാണ് ചെയ്തുവന്നിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates