കൊച്ചി : നര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തില്‍ കുഴപ്പമുണ്ടാക്കാന്‍ കുറേ ആളുകള്‍ ശ്രമിക്കുന്നു. കേരളത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം വിഭാഗീയതക്ക് ശ്രമിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ ഇത്തരം അക്കൗണ്ടുകളില്‍ പലതും കൈകാര്യം ചെയ്യുന്നത് സംഘപരിവാറാണ്. സംഘപരിവാര്‍ അജണ്ടയില്‍ ഇരുസമുദായങ്ങളും പെട്ടുപോകരുതെന്ന് വി ഡി സതീശന്‍ അഭ്യര്‍ത്ഥിച്ചു.
സമുദായ മൈത്രി തകര്‍ക്കുന്ന പ്രസ്താവന ഉണ്ടായാലും, പകരം ബിഷപ്പ് ഹൗസിലേക്ക് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് മാര്‍ച്ച് നടത്തുകയാണ് ചില ആളുകള്‍. അതു എതിര്‍ക്കപ്പെടേണ്ടതാണ്. ഈ വിവാദം അവസാനിപ്പിക്കണമെന്നും ഇത് താഴേത്തട്ടിലേക്ക് കൊണ്ടുപോകരുതെന്നും സതീശന്‍ ആവശ്യപ്പെട്ടു.
പരസ്പരം പാലൂട്ടി വളര്‍ത്തുന്ന ശത്രുക്കളാണ് തീവ്രവാദവും വിഭാഗീയതയും കൂടുതല്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ വീണുകിട്ടുമ്പോള്‍ അവര്‍ക്ക് സന്തോഷമാണ്. അവര്‍ ഇടയില്‍ കയറി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് വീണ്ടും കുഴപ്പത്തിലാക്കും. അതും അപകടം തന്നെയാണ്.
അതിനാല്‍ പരസ്പരമുള്ള ചെളിവാരി എറിയലും സംഘര്‍ഷവും നിയന്ത്രണം വിട്ടുള്ള സംസാരവും പ്രകടനവും എല്ലാം അവസാനിപ്പിക്കണം. കേരളത്തില്‍ സമുദായസംഘര്‍ഷം ഉണ്ടാക്കുന്ന ഒരു ഘട്ടം വന്നാല്‍ ഒരിക്കലും കക്ഷിചേരില്ലെന്നു മാത്രമല്ല, അതില്ലാതാക്കാനുള്ള ശ്രമമാണ് നടത്തുക. അതില്‍ ഒരു രാഷ്ട്രീയവും ഇല്ല. ഞങ്ങള്‍ക്ക് രാഷ്ട്രീയത്തേക്കാളുപരി കേരളത്തില്‍ മതസൗഹാര്‍ദവും സമുദായമൈത്രിയും നിലനില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
പാലാ ബിഷപ്പിന്റെ പ്രസംഗവുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ ക്രിസ്ത്യന്‍ സമുദായത്തിന് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് പ്രത്യേകമായി തന്നെ പരിഗണിക്കപ്പെടണം. അത് പരിഗണിച്ച് സര്‍ക്കാര്‍ പരിഹാരം ഉണ്ടാക്കിക്കൊടുക്കണം. അത് കൈവിട്ടുപോകാനുള്ള സ്ഥിതി വരരുത്. കേരളത്തിന്റെ സോഷ്യല്‍ ഫാബ്രിക് കീറിപ്പറിക്കരുതെന്ന് എല്ലാ വിഭാഗം ആളുകളോടും അഭ്യര്‍ത്ഥിക്കുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates