ഡിസിസി പ്രസിഡന്റ് ആക്കാത്തതിന്റെ നിരാശാബോധം, അനില്‍കുമാറിന്റേത് ഗുരുതര അച്ചടക്കലംഘനം; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സുധാകരന്‍ 

കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍
കെ സുധാകരന്‍ / ഫയല്‍ ചിത്രം
കെ സുധാകരന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഡിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനില്‍കുമാര്‍ നേതൃത്വത്തെ വിമര്‍ശിച്ചതിന് വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ താന്‍ അച്ചടക്കലംഘനം നടത്തിയിട്ടില്ല എന്ന നിരുത്തരവാദപരമായ വിശദീകരണമാണ് അനില്‍കുമാര്‍ നല്‍കിയതെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഗുരുതരമായ അച്ചടക്കലംഘനമാണ് അനില്‍കുമാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. അഞ്ചുവര്‍ഷം സംഘടനാ ചുമതല വഹിച്ച, വിവിധ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരുന്ന കെ പി അനില്‍കുമാര്‍ നിരുത്തരവാദപരമായ വിശദീകരണമാണ് നല്‍കിയത്. ഡിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സഞ്ചി തൂക്കികള്‍ എന്നിങ്ങനെയുള്ള ആക്ഷേപങ്ങളാണ് ഉന്നയിച്ചത്. ഇത് അച്ചടക്കലംഘനമാണെന്നിരിക്കേ, താന്‍ അച്ചടക്കലംഘനം ഒന്നും നടത്തിയിട്ടില്ല എന്ന നിരുത്തരവാദപരമായ വിശദീകരണമാണ് അനില്‍കുമാര്‍ നല്‍കിയതെന്നും സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടിയെടുത്ത തീരുമാനത്തില്‍ പുനരാലോചന ആഗ്രഹിക്കുന്നില്ല. പാര്‍ട്ടിയില്‍ ജനാധിപത്യം നിലനില്‍ക്കുന്നത് കൊണ്ടാണ് അച്ചടക്കനടപടി സ്വീകരിച്ചത്. അനില്‍കുമാറായി നല്ലബന്ധമാണ് ഉള്ളത്. ഡിസിസി പ്രസിഡന്റ് ആക്കാതിരുന്നതിന്റെ നിരാശബോധം അദ്ദേഹത്തിന് ഉണ്ടായിരുന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ആക്കണമെന്ന് ആരും തന്നെ അവിടെ നിന്ന് നിര്‍ദേശിച്ചിരുന്നില്ല. സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നില്ല എന്നതാണ് മുഖ്യ ആക്ഷേപം. സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് തന്നെയാണ് തന്റേയും ആഗ്രഹം. കഴിഞ്ഞമാസം രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും കണ്ടപ്പോഴും ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com