വിഡി സതീശന് എതിരെ ഐഎന്‍ടിയുസി; പ്രതിഷേധ മാര്‍ച്ച്, തെരുവില്‍ മുദ്രാവാക്യം വിളി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st April 2022 10:44 AM  |  

Last Updated: 01st April 2022 10:47 AM  |   A+A-   |  

intuc_vd_satheesan

ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ വിഡി സതീശന് എതിരെ പ്രതിഷേധ മാര്‍ച്ച് നടത്തുന്നു/ടിവി ദൃശ്യം

 

കോട്ടയം: പ്രതിപക്ഷ നേതാവ് വിഡി സതീശന് എതിരെ ഐഎന്‍ടിയുസി പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം. ചങ്ങനാശ്ശേരിയില്‍ നൂറുകണക്കിനു പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്നു പറഞ്ഞതിന് എതിരെയാണ് പ്രതിഷേധം.

കേന്ദ്ര ട്രെയ്ഡ് യൂണിയനുകള്‍ നടത്തിയ ദേശീയ പണിമുടക്കിനോടുള്ള പ്രതികരണമെന്ന നിലയിലാണ് വിഡി സതീശന്‍ ഐഎന്‍ടിയുസിയുമായി
ബന്ധപ്പെട്ട പരാമര്‍ശം നടത്തിയത്. പണിമുടക്കിന്റെ ഭാഗമായി അക്രമം നടത്തിയവരില്‍ കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്നുമായിരുന്നു സതീശന്‍ പറഞ്ഞത്. വിയോജിപ്പ് ഐന്‍ടിയുസി നേതൃത്വത്തെ അറിയിക്കുമെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം പിപി തോമസിന്റെ നേതൃത്വത്തിലാണ് നൂറു കണക്കിനു പ്രവര്‍ത്തകര്‍ സതീശന് എതിരായ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. സതീശന് എതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ഇക്കാലമത്രയും ഐഎന്‍ടിയുസി കോണ്‍ഗ്രസിനൊപ്പമാണെന്ന് തോമസ് പറഞ്ഞു. സതീശന്‍ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാവില്ല. പ്രതിപക്ഷ നേതാവ് പ്രസ്താവന പിന്‍വലിക്കണമെന്ന് തോമസ് ആവശ്യപ്പെട്ടു.

വിഡി സതീശന്‍ പറഞ്ഞത്

ദേശീയ തലത്തില്‍ ട്രെയ്ഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിന്റെ ഭാഗമായി കോണ്‍ഗ്രസുകാര്‍ അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും. പണിമുടക്ക് കേരളത്തില്‍ ബന്ദിനും ഹര്‍ത്താലിനും സമാനമായി മാറി. 

പ്രതിഷേധത്തിന്റെ പേരില്‍ അക്രമം നടത്തുന്നതിനോട് യോജിക്കാനാവില്ല. കോണ്‍ഗ്രസുകാര്‍ അക്രമം നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും. ജനങ്ങളുടെ കരണത്തടിക്കാനും മുഖത്തു തുപ്പാനും ആര്‍ക്കും സ്വാതന്ത്ര്യമില്ല. ഇതാണോ നവകേരളമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

മാധ്യമ സ്ഥാപനങ്ങള്‍ക്കു മുന്നിലെ സമരത്തോടു യോജിപ്പില്ല. ഇത് അസഹിഷ്ണുതയാണ്. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല. കോണ്‍ഗ്രസിന്റെ നിലപാട് അവരെ അറിയിക്കും.