തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; വാട്സ്ആപ്പ് ​ഗ്രൂപ്പിലെ തർക്കം സംഘർഷത്തിന് കാരണമായെന്ന് മൊഴി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd April 2022 11:08 AM  |  

Last Updated: 03rd April 2022 11:08 AM  |   A+A-   |  

ranajith

രണജിത്ത്

 

പത്തനംതിട്ട: തലയ്ക്ക് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മാരൂർ രഞ്ജിത്ത് ഭവനിൽ രണജിത്ത് (43) ആണ് മരിച്ചത്. മാർച്ച് 27ന് രാത്രിയിലാണ് രണജിത്തിന് പരിക്കേറ്റത്. രണജിത്തിന് പരിക്കേൽക്കുന്നതിന് രണ്ട് ദിവസം മുൻപ് മാരൂർ അനീഷ്ഭവനിൽ അനിൽകുമാർ (44) നെതിരെ അടൂർ പൊലീസ് കേസെടുത്തിരുന്നു. 

രണജിത്തിന് പരിക്കേറ്റ സംഭവത്തിൽ ഭാര്യ സജിനി പൊലീസിന് മൊഴി നൽകിയതിന് പിന്നാലെയാണ് അനിൽ കുമാറിനെതിരെ കേസെടുത്തത്. വാട്‌സ്ആപ്പ് ഗ്രൂപ്പിലെ തർക്കങ്ങളെ തുടർന്നുണ്ടായ സംഘർഷത്തിലാണ് ഭർത്താവിന് പരിക്കേറ്റത് എന്നാണ് സജിനി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞത്.

അടൂർ സിഐ ടിഡി പ്രജീഷിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. മരണം സംബന്ധിച്ച് രണജിത്തിന്റെ ഭാര്യയുടെ പരാതിയെ തുടർന്ന് അടൂർ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. 

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാലെ മരണ കാരണം വ്യക്തമാകൂ എന്ന് സിഐ പറഞ്ഞു. സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. രണജിത്ത് പത്ര ഏജന്റാണ്. മക്കൾ: ആയുഷ്, ആരവ്.

ഈ വാർത്ത കൂടി വായിക്കാം

മത, രാഷ്ട്രീയ സംഘടനകൾക്ക് പരിശീലനം നൽകേണ്ടതില്ല; ഫയർഫോഴ്സ് മേധാവിയുടെ സർക്കുലർ