ശരിയായ ടിക്കറ്റല്ലെന്ന് പറഞ്ഞ് ട്രെയിൻ യാത്രയിൽ 4780 രൂപ പിഴയിട്ടു; എട്ട് വർഷത്തിന് ശേഷം നഷ്ടപരിഹാരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd April 2022 10:41 AM |
Last Updated: 03rd April 2022 10:41 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: ട്രെയിൻ യാത്രികനിൽ നിന്നു ടിടിഇ അനധികൃതമായി പിഴ ഈടാക്കിയ സംഭവത്തിൽ എട്ട് വർഷത്തിനു ശേഷം പരാതിക്കാരനു നഷ്ടപരിഹാരം ലഭിച്ചു. ചെല്ലാനം സ്വദേശി കെ ജെ ആന്റോജിക്കാണു വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നീതി ലഭിച്ചത്. നഷ്ടപരിഹാരമായി റെയിൽവേ 59,730 രൂപ നൽകി.
2014 മാർച്ചിൽ ആന്റോജിയും കുടുംബവും തിരുവനന്തപുരം – ഗുവഹാത്തി ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ കൈവശമുണ്ടായിരുന്നതു ശരിയായ ടിക്കറ്റല്ലെന്ന് പറഞ്ഞ് പുതിയ ടിക്കറ്റ് എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 4780 രൂപ പിഴ ചുമത്തിയ ശേഷമാണു ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചത്. ഉപഭോക്തൃ ഫോറത്തെ സമീപിച്ച ആന്റോജിക്ക് അനുകൂലമായി 2016ൽ ഫോറം കേസ് തീർപ്പാക്കി. എന്നിട്ടും നഷ്ടപരിഹാരം നൽകാൻ റെയിൽവേ തയാറായില്ല.
സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ ടിടിഇ നൽകിയ അപ്പീലും തള്ളി. ദേശീയ കമ്മിഷൻ കേസ് പരിഗണിച്ചപ്പോഴും ആന്റോജിക്ക് അനുകൂലമായിരുന്നു വിധി. 2022 മാർച്ച് 31ന് മുൻപായി നഷ്പരിഹാരം നൽകാമെന്നു ധാരണയായി. എന്നിട്ടും ഒരു ദിവസം വൈകി ഏപ്രിൽ 1നാണ് റെയിൽവേ നഷ്ടപരിഹാരത്തുകയുടെ ചെക്ക് കൈമാറിയത്.