ആദ്യഭാര്യ മരിച്ചു, ഭർത്താവിന്റെ പെൻഷൻ ഇനി മുഴുവനും രണ്ടാം ഭാര്യക്ക്; ഉത്തരവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th April 2022 07:41 AM |
Last Updated: 06th April 2022 07:41 AM | A+A A- |

പ്രതീകാത്മക ചിത്രം
പത്തനംതിട്ട: അന്തരിച്ച സർക്കാർ ഉദ്യോഗസ്ഥന്റെ കുടുംബ പെൻഷൻ ആദ്യഭാര്യയുടെ മരണത്തെ തുടർന്നു രണ്ടാമത്തെ ഭാര്യയ്ക്കു മുഴുവനായി നൽകാൻ ഉത്തരവ്. രണ്ടു ഭാര്യമാർക്കും തുല്യമായി ലഭിച്ചുകൊണ്ടിരുന്ന പെൻഷൻ തുക തുടർന്നങ്ങോട്ട് മുഴുവനായി രണ്ടാമത്തെ ഭാര്യയ്ക്കു നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് നൽകി. ഒരു മാസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്നാണ് നിർദേശം.
ജലസേചന വകുപ്പിൽ ജോലി ചെയ്തിരുന്ന ഭാസ്ക്കര പിള്ളയുടെ പെൻഷൻ ആദ്യ ഭാര്യ ഗൗരിയമ്മ ഭാർഗ്ഗവിയമ്മയ്ക്കും രണ്ടാം ഭാര്യ കുഞ്ഞികുട്ടിയമ്മ തങ്കമണിയമ്മക്കും തുല്യമായി വീതിച്ചാണ് നൽകിയിരുന്നത്. ഗൗരിയമ്മ മരിച്ചതിനെ തുടർന്നാണു കുഞ്ഞികുട്ടിയമ്മക്ക് പെൻഷൻ പൂർണമായി നൽകണമെന്ന് ഉത്തരവിട്ടത്. ജലസേചന വകുപ്പ് ചീഫ് എൻജിനീയർക്കാണു മനുഷ്യാവകാശ കമ്മിഷൻ അംഗം വി കെ ബീനാകുമാരി ഉത്തരവ് നൽകിയത്.
പരാതിക്കാരിയായ കുഞ്ഞികുട്ടിയമ്മക്ക് 90 വയസ്സു കഴിഞ്ഞെന്നും പെൻഷൻ തുകയല്ലാത്ത മറ്റു വരുമാന മാർഗങ്ങളൊന്നുമില്ലെന്നും കമ്മിഷൻ ഉത്തരവിൽ ചൂണ്ടിക്കാണിച്ചു. പരാതിക്കാരിയുടെ പ്രായവും സാമ്പത്തിക സ്ഥിതിയും കണക്കിലെടുക്കണമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.