മൂലധന കാഴ്ചപ്പാടില്‍ മാറ്റം വരുത്തണം; ആഗോളീകരണത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കണം; പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകത്തിന്റെ നിര്‍ദേശം 

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭരണത്തിലിരിക്കുന്ന സംസ്ഥാനത്ത് മൂലധന കാഴ്ചപ്പാടില്‍ മാറ്റം വേണമെന്ന നിര്‍ദേശവുമായി കേരള ഘടകം.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നൃത്തം അവതരിപ്പിച്ച സംഘത്തിനൊപ്പം/എക്‌സ്പ്രസ്‌
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നൃത്തം അവതരിപ്പിച്ച സംഘത്തിനൊപ്പം/എക്‌സ്പ്രസ്‌

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭരണത്തിലിരിക്കുന്ന സംസ്ഥാനത്ത് മൂലധന കാഴ്ചപ്പാടില്‍ മാറ്റം വേണമെന്ന നിര്‍ദേശവുമായി കേരള ഘടകം. സില്‍വര്‍ ലൈന്‍ അടക്കമുള്ള കേരള സര്‍ക്കാരിന്റെ പദ്ധതികളിന്‍മേല്‍ യോജിച്ചും വിയോജിച്ചും പാര്‍ട്ടി കോണ്‍ഗ്രസില്‍ അഭിപ്രായമുയരുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി നയങ്ങളില്‍ മാറ്റം വേണമെന്ന ആവശ്യവുമായി കേരള ഘടകം രംഗത്തുവന്നിരിക്കുന്നത്. 

കരടുരാഷ്ട്രീയപ്രമേയത്തിലുള്ള ചര്‍ച്ചയില്‍ വിദേശമൂലധനം സ്വീകരിക്കുന്നതില്‍ അടക്കമുള്ള നയങ്ങളില്‍ മാറ്റം വേണെന്ന് കേരള ഘടകം ആവശ്യപ്പെടും. ആഗോളീകരണകാലത്ത് അതിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുംവിധം സര്‍ക്കാരിന്റെ മൂലധന കാഴ്ചപ്പാട് മാറണമെന്നാണ് കേരളഘടകത്തിന്റെ നിലപാട്.

സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധവും സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടും സംബന്ധിച്ച നയരേഖ സംസ്ഥാനസമ്മേളനം അംഗീകരിച്ചിരുന്നു. ഈ നയരേഖ പാര്‍ട്ടികോണ്‍ഗ്രസില്‍ ചര്‍ച്ചചെയ്യില്ല. പക്ഷേ, ഇതിനനുസരിച്ച് പാര്‍ട്ടിയുടെ രാഷ്ട്രീയനയം ക്രമീകരിക്കാനുള്ള നിര്‍ദേശമാകും കേരളത്തിലെ പ്രതിനിധികള്‍ നല്‍കുക. പാര്‍ട്ടി അധികാരത്തിലിരിക്കുന്ന ഒരേയൊരു സംസ്ഥാനം എന്ന നിലയില്‍ കേരള ഘടകത്തിന്റെ അഭിപ്രായത്തിന്‍മേല്‍ കാര്യമായ ചര്‍ച്ച നടക്കാന്‍ സാധ്യതയുണ്ട്. 

കേരളഘടകത്തിന്റെ നിര്‍ദേശങ്ങള്‍ 

പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ പരമാവധി തൃപ്തിപ്പെടുത്തണം. എങ്കിലേ ഒരു ഭരണസംവിധാനത്തിന് ജനവിശ്വാസം നേടി മുന്നോട്ടുപോകാനാകൂ

സാമ്പത്തിക-മാനേജ്മെന്റ് രീതികള്‍ നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കില്‍, സാമ്പത്തിക വികാസത്തിന്റെ ഒരുഘട്ടം കഴിഞ്ഞാല്‍ വളര്‍ച്ചനിരക്കില്‍ സ്തംഭനമോ കീഴോട്ടടിയോ ഉണ്ടാവാം. ഇതാണ് സോവിയറ്റ് യൂണിയനില്‍ സംഭവിച്ചത്

ഉത്പാദനം കൂട്ടാന്‍ നാടിന്റെ താത്പര്യങ്ങള്‍ ഹനിക്കാത്ത എല്ലാ മൂലധനത്തെയും സ്വീകരിക്കേണ്ടിവരും. അത്തരം മൂലധനം കടന്നുവരാനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ തയ്യാറാവേണ്ടതുണ്ട്

ആഗോളമൂലധനത്തിന്റെ രീതികള്‍ക്ക് ഏറെ മാറ്റമുണ്ടായിട്ടുണ്ട്. അവയുടെ പ്രവര്‍ത്തനത്തിന് സാഹചര്യവും സന്ദര്‍ഭവും ഒരുക്കുന്ന ഇടങ്ങളിലാണ് അവയുടെ നിക്ഷേപമുണ്ടാകുക. അതുമനസ്സിലാക്കി ഉപയോഗപ്പെടുത്തുക എന്നത് പ്രധാനമാണ്

ബൂര്‍ഷ്വ- ഭൂപ്രഭു ഭരണവര്‍ഗത്തിനുകീഴില്‍ നിലകൊള്ളുന്ന ഒരു സംസ്ഥാനമാണ് കേരളം. അതിന്റെ പരിമിതിക്കകത്തുനിന്നുകൊണ്ടുള്ള സമീപനമാണ് പാര്‍ട്ടി സ്വീകരിക്കേണ്ടത്

ജന്മിത്വത്തിന്റെ തകര്‍ച്ചയും മുതലാളിത്തത്തിന്റെ വളര്‍ച്ചയും കാരണം കേരളത്തില്‍ ഇടത്തരം ജനവിഭാഗങ്ങള്‍ ഉയര്‍ന്നുവന്നു. ഇവര്‍ പലതട്ടിലുള്ളവരാണ്. അവരുടെ വ്യത്യസ്തസ്വഭാവത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണുമെന്നത് പ്രധാന വിഷയമാണ്

സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ വരുന്ന വീഴ്ച അസംതൃപ്തി വളര്‍ത്തും. അത് സാമ്രാജ്യത്വത്തിന്റെ സോഷ്യലിസ്റ്റ് വിരുദ്ധ പ്രചാരണത്തിന് ഊക്കുകൂട്ടുകയേയുള്ളൂ

കരടുരാഷ്ട്രീയപ്രമേയം പറയുന്നത്

അന്താരാഷ്ട്ര ധനമൂലധനം നയിക്കുന്ന നവലിബറലിസം വരുമാന അസമത്വം, സ്വത്ത് അസമത്വം വര്‍ധിപ്പിക്കുന്ന പ്രക്രിയ സുദൃഢമാക്കുന്നതിന്റെ സൂചനയാണ്

സാമ്പത്തിക പ്രതിസന്ധിക്ക് എന്തെങ്കിലും പരിഹാരം അവതരിപ്പിക്കാന്‍ നവലിബറല്‍ നയങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ലാഭം പരമാവധി എന്നതില്‍മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന നവലിബറല്‍ നയം ഈപ്രതിസന്ധിയെ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുന്നത്

സാമ്പത്തികപ്രതിസന്ധിയുടെ സാഹചര്യം വലതുപക്ഷ ചായ്വിനുള്ള പ്രവണതയുണ്ടാക്കും. സാമ്പത്തികപ്രതിസന്ധിയെന്നത് കോര്‍പ്പറേറ്റുകളെ സഹായിക്കാനുള്ള അവസരമായി കേന്ദ്രസര്‍ക്കാര്‍പോലും ഉപയോഗിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com