ഡാമിന്റെ പൂര്‍ണ അധികാരം മേല്‍നോട്ടസമിതിക്ക്; നാട്ടുകാര്‍ക്കും പരാതി നല്‍കാമെന്ന് സുപ്രീം കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2022 03:09 PM  |  

Last Updated: 08th April 2022 03:15 PM  |   A+A-   |  

supreme-court

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ മേല്‍നോട്ടസമിതിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി സുപ്രീം കോടതി ഉത്തരവ്‌. ദേശീയ ഡാം സുരക്ഷാ അതോറിറ്റിയില്‍ നിക്ഷിപ്തമായ അധികാരങ്ങളാണ് നല്‍കിയത്. അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ പരാതികളും മേല്‍നേട്ടസമിതി പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കേരളവും തമിഴ്‌നാടും നിര്‍ദേശിക്കുന്ന ഓരോ സാങ്കേതിക വിദഗ്ധരെ സമിതിയില്‍ ഉള്‍പ്പെടുത്തണം. രണ്ടാഴ്ചയ്ക്കുള്ളില്‍ സാങ്കേതിക വിദഗ്ധന്റെ പേര് നല്‍കണം. നാട്ടുകാര്‍ക്കും മേല്‍നോട്ടസമിതിയില്‍ പരാതി നല്‍കാം. മേല്‍നോട്ട സമിതിയുടെ നിര്‍ദേശം നടപ്പിലാക്കുന്നുവെന്ന് ചീഫ് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണം. അണക്കെട്ടിന്റെ സുരക്ഷയുടെ സമ്പൂര്‍ണ അധികാരം മേല്‍നോട്ടസമിതിയ്ക്ക് ആയിരിക്കുമെന്നും ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറുടെ നേതൃത്വത്തിലുള്ള ബെഞ്ച്‌ വ്യക്തമാക്കി. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, സി ടി രവികുമാര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.

പുതിയ മേല്‍നോട്ട സമിതി വേണമെന്നും, നിലവിലെ സമിതി ചെയര്‍മാനെ മാറ്റണമെന്നുമുള്ള കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. പുതിയ സമിതി വരുന്നതുവരെ നിലവിലെ സമിതി തുടരട്ടെയെന്ന് കോടതി നിലപാടെടുത്തു. നിലവിലെ അംഗങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 

നിലവില്‍ ഡാമിന്റെ പരിപൂര്‍ണ അധികാരമുള്ള തമിഴ്‌നാട്, കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും തിരസ്‌കരിക്കുകയാണു പതിവ്. ജലനിരപ്പ് ഉയരുമ്പോള്‍ ഷട്ടറുകള്‍ തുറക്കുന്നതിലും പെരിയാര്‍ തീരദേശവാസികളുടെ ആശങ്ക പരിഗണിക്കുന്നതിലും തമിഴ്‌നാട് കേരളത്തെ തുടര്‍ച്ചയായി അവഗണിക്കുകയാണ്. മേല്‍നോട്ട സമിതിക്ക് അധികാരം നല്‍കിയതോടെ ഇനി സമിതിയായിരിക്കും ഇത്തരം സുരക്ഷാ കാര്യങ്ങളെല്ലാം പരിശോധിച്ച് തീരുമാനമെടുക്കുക.

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയെ കൂടുതല്‍ ശാക്തീകരിക്കണമെന്നും പ്രവര്‍ത്തനപരിധിയും ചുമതലകളും കൂടുതല്‍ വിപുലീകരിക്കണമെന്ന ആവശ്യവുമായി കോതമംഗലം സ്വദേശി ജോ ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

ഈ വാര്‍ത്ത വായിക്കാം

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; മലപ്പുറത്ത് ശക്തമായ കാറ്റ്; 9 ജില്ലകളില്‍ മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ