കാവ്യ നാളെ ഹാജരാകില്ല; ചോദ്യം ചെയ്യൽ ബുധനാഴ്ച ആലുവയിലെ വീട്ടിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th April 2022 04:35 PM |
Last Updated: 10th April 2022 04:35 PM | A+A A- |

ചിത്രം : ഫേസ്ബുക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ അസൗകര്യം അറിയിച്ച് നടി കാവ്യാ മാധവൻ. നാളെ ഹാജരാകാനായിരുന്നു ക്രൈംബ്രാഞ്ച് നോട്ടീസ്. മറ്റൊരു ദിവസം സമയം അനുവദിക്കണമെന്നാണ് കാവ്യയുടെ ആവശ്യം. ഇതേത്തുടർന്ന് ബുധനാഴ്ച രണ്ട് മണിക്ക് ആലുവയിലെ വീട്ടിൽ വച്ച് നടിയെ ചോദ്യം ചെയ്യുമെന്നാണ് വിവരം.
ഗൂഢാലോചനയിൽ കാവ്യ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന നിർണായക ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് കാവ്യയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ അറിയിച്ചത്. ദിലീപിന്റെ ബന്ധു സുരാജും ശരതും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്. നടി കാവ്യ മാധവൻ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണിയെന്ന് ശബ്ദരേഖയിൽ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്തമാക്കുന്നുണ്ട്. സുരാജിന്റെ ഫോണിൽ നിന്നാണ് ശബ്ദരേഖ വീണ്ടടുത്തത്.
കേസിന്റെ ഫോക്കസ് ദിലീപിൽ നിന്നും കാവ്യയിലേക്ക് മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്ന സംശയവും നിലനിൽക്കുന്നുണ്ട്. ദിലീപിന്റെ അറിവോടെയാണോ ഇക്കാര്യം സുരാജ് പറയുന്നതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ദിലീപും കാവ്യമാധവനും തമ്മിലുള്ള സംഭാഷണങ്ങളുടെ ചില ശബ്ദരേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. 'എനിക്കു നിങ്ങളെ ഭയമാണെ'ന്നു കാവ്യ കരഞ്ഞുകൊണ്ടു പറയുന്നത് ഇക്കൂട്ടത്തിലുണ്ടെന്ന് അന്വേഷണസംഘം സൂചിപ്പിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ