ആറുവയസുകാരന് മഡ് റെയ്‌സിം​ഗ് പരിശീലനം; പിതാവിനെതിരെ കേസെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th April 2022 07:30 PM  |  

Last Updated: 11th April 2022 07:30 PM  |   A+A-   |  

bike_

പ്രതീകാത്മക ചിത്രം

 

പാലക്കാട്​: ആറുവയസുകാരനെ മഡ് റെയ്‌സിംഗിൽ പങ്കെടുപ്പിക്കാൻ പരിശീലനം നൽകിയതിന് പിതാവിനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ സ്വദേശി ഷാനവാസ് അബ്ദുല്ലക്കെതിരെയാണ് കേസ്​. അടുത്ത ആഴ്ച കൊടുമ്പിൽ വച്ച് നടക്കുന്ന മത്സരത്തിന് മുന്നോടിയായി ആണ് പരിശീലനം നടത്തിയത്.  

കോയമ്പത്തൂരിലെ മത്സരത്തിൽ പങ്കെടുത്ത ശേഷമാണ് കൊടുമ്പിൽ എത്തിയത്. ഇന്നലെ കാടാങ്കോട് ഭാഗത്ത് ക്ലബുകാർ സംഘടിപ്പിച്ച മഡ് റെയ്‌സിങ് പരിശീലനത്തിലാണ് കുട്ടിയെ കൊണ്ടുവന്നത്. ഏപ്രിൽ 16, 17 തീയതികളിലാണ് മത്സരം. ഇതിനുമുന്നോടിയായാണ് പരിശീലനം നടത്തിയത്. പാലക്കാട് സൗത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടകരമായ പരിശീലനത്തിൽ കുട്ടിയെ പങ്കെടുപ്പിച്ചതിനാണ് കേസ്. 

ഇത്തരം പരിശീലനങ്ങൾക്ക് ലൈസൻസ് ഉൾപ്പെടെ വേണമെന്ന്​ പൊലീസ് പറയുന്നു. അസോസിയേഷൻ മാതൃകയിൽ ഇവർക്ക് എന്തെങ്കിലും അനുമതിയുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.