മകളെ ഹൈജാക്ക് ചെയ്തത്; ജോയ്‌സ്‌നയെപ്പറ്റി ആശങ്ക: ആരോപണങ്ങളുമായി മാതാപിതാക്കള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th April 2022 02:16 PM |
Last Updated: 13th April 2022 02:16 PM | A+A A- |

ജോയ്‌സ്‌നയും ഷെജിനും/ ഫയല്‍
കോഴിക്കോട്: കോടഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിനെ വിവാഹം കഴിച്ച മകള്‍ ജോയ്‌സ്‌നയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മാതാപിതാക്കള്‍. മകളെ ഹൈജാക്ക് ചെയ്തതാണ്. മാര്‍ച്ച് 31 നാണ് മകള്‍ ജോയ്‌സ്‌ന സൗദിയില്‍ നിന്നും നാട്ടിലെത്തുന്നത്. ഒമ്പതാം തീയതി കൂട്ടുകാരിയുടെ ആധാര്‍ കാര്‍ഡ് പോസ്റ്റ് ചെയ്യാനായി താമരശ്ശേരിയില്‍ പോയ ശേഷമാണ് കാണാതായതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
കാണാതായപ്പോള്‍ ഫോണില്‍ വിളിച്ചു. ഒരു പുരുഷശബ്ദമാണ് സംസാരിച്ചത്. ജോയ്‌സ്‌ന അടുത്തുണ്ടോയെന്ന് ചോദിച്ചപ്പോള്‍ മകളുടെ കയ്യില്‍ കൊടുത്തു. അപ്പോള്‍ എന്നെ ഇവര്‍ വിടുന്നില്ല എന്ന് മകള്‍ പറഞ്ഞു. പിന്നെ ഫോണ്‍ കട്ടായിപ്പോയി എന്നും ജോയ്‌സ്‌നയുടെ പിതാവ് പറയുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇടവക വികാരി എന്ന നിലയില്‍ അച്ഛനെയും വിവരം അറിയിച്ചു.
മകളുടെ സമ്മതത്തോടെയാണ് മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിച്ചത്. ലവ് ജിഹാദെന്ന് പറഞ്ഞിട്ടില്ല. ഒരു ലക്ഷം രൂപ രാഷ്ട്രീയനേതാവ് തരാനുണ്ടെന്ന് പ്രതിശ്രുത വരനോട് മകള്‍ പറഞ്ഞിരുന്നു. ഈ മാസം ഒമ്പതിന് രാവിലെ പണം ചോദിച്ച് മകള്‍ ഫോണ്‍ ചെയ്യുന്നത് കേട്ടിരുന്നു. അന്നാണ് മകളെ കാണാതായത്. പണത്തിനായി മകളെ തട്ടിക്കൊണ്ടുപോയതാണ്.
സ്വന്തം ഇഷ്ടത്തിന് പോയതാണെന്ന് മകളെക്കൊണ്ട് പറഞ്ഞ് പറയിക്കുന്നതാണെന്നും യുവതിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. സംഭവത്തിലെ ദുരുഹത നീക്കണം. മകളെ കിട്ടുന്നതു വരെ നീതിക്കായി പോരാടുമെന്നും ജോയ്‌സ്‌നയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ നേതാവ് എം എസ് ഷെജിനും ജോയ്‌സ്‌ന മേരി ജോസഫും തമ്മിലാണ് വിവാഹം കഴിച്ചത്. വിവാഹം കഴിക്കാനുള്ള അവരുടെ തീരുമാനത്തെ പിന്തുണച്ച സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍, ഒളിച്ചോടി വിവാഹം കഴിച്ചതിനെ വിമര്‍ശിച്ചിരുന്നു.
ഷെജിനെ നേരത്തെ പരിചയമുണ്ടെന്നും, ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് പരസ്പരം പ്രണയത്തിലായതെന്നും ജോയ്‌സ്‌ന പറയുന്നു. ഒന്നിച്ച് ജീവിക്കാനായി വീട്ടില്‍ നിന്ന് ഇറങ്ങിവരികയായിരുന്നു. ഇത്ര രൂക്ഷമായ പ്രശ്‌നം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല. മതം മാറാന്‍ ഷെജിന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ജോയ്‌സ്‌ന പറഞ്ഞു. ലവ് ജിഹാദ് എന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണെന്ന് ഷെജിനും പ്രതികരിച്ചു. സാഹചര്യം മുതലെടുത്ത് വ്യക്തിഹത്യ നടത്തി വിദ്വേഷപ്രചാരണം നടത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഷെജിന്‍ ആരോപിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
അത് 'ലവ് ജിഹാദ്' അല്ല; പ്രണയവിവാഹത്തില്‍ അസ്വാഭാവികതയില്ല; ജോര്‍ജ് എം തോമസിനെ തള്ളി സിപിഎം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ