വിഷു ഹിന്ദുവിന്റേതല്ല; ചൊറിയന്‍ മാക്രി പറ്റങ്ങളോട് എന്തു പറയാനാണ്; മറുപടിയുമായി സുരേഷ് ഗോപി

18 വര്‍ഷത്തിനുശേഷം വോട്ടുപിടിക്കാനുള്ള കപ്പമല്ല കൊടുത്തിരിക്കുന്നത്. വിഷുവെന്ന് പറയുന്നത് ഹിന്ദുവിന്റേതല്ല.
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്


തൃശൂര്‍: വിഷുക്കൈനീട്ടം നല്‍കിയ പരിപാടി വിവാദമാക്കിയവര്‍ക്കെതിരെ മറുപടിയുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കുഞ്ഞുങ്ങള്‍ക്ക് വിഷുക്കൈനീട്ടം നല്‍കുന്നത് എതിര്‍ത്തവരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച സുരേഷ് ഗോപി, 'അതിനു പിന്നിലെ നന്മ മനസ്സിലാക്കാന്‍ പറ്റാത്ത ചൊറിയന്‍ മാക്രി പറ്റങ്ങളോട് എന്തു പറയാനാണ്' എന്നും ചോദിച്ചു.

''ചില വക്രബുദ്ധികളുടെ നീക്കം അതിനുനേരെയും വന്നിട്ടുണ്ട്. അത് നമ്മുടെ ഏറ്റവും വലിയ വിജയമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. അവര്‍ക്ക് അസഹിഷ്ണുതയുണ്ടായി. ഞാനത് ഉദ്ദേശിച്ചിരുന്നില്ല. കുരുന്നുകളുടെ കയ്യിലേക്ക് ഒരു രൂപയാണ് വച്ചുകൊടുക്കുന്നത്. 18 വര്‍ഷത്തിനുശേഷം വോട്ടുപിടിക്കാനുള്ള കപ്പമല്ല കൊടുത്തിരിക്കുന്നത്. വിഷുവെന്ന് പറയുന്നത് ഹിന്ദുവിന്റേതല്ല. ദക്ഷിണേന്ത്യക്കാരുടെ മുഴുവന്‍ ഒരു വലിയ ആചാരമാണ്. ഒരു രാജ്യത്തിന്റെ സമ്പന്നതയിലേക്ക് സംഭവാന ചെയ്യുന്നതാണ് ഓരോ കുഞ്ഞും. അത് ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും' - സുരേഷ് ഗോപി പറഞ്ഞു.

ഒരു രൂപ നോട്ടില്‍ ഗാന്ധിയുടെ ചിത്രമാണ് ഉള്ളത്. നരേന്ദ്ര മോദിയുടെയോ സുരേഷ് ഗോപിയുടേയോ അല്ല. ആ ഒരു രൂപ നോട്ടെടുത്ത് മഹാലക്ഷ്മിയെ മനസില്‍ പ്രാര്‍ഥിച്ച് ഈ കുഞ്ഞ് പ്രാപ്തി നേടി നിര്‍വഹണത്തിന് ഇറങ്ങുമ്പോള്‍ ആ കൈയിലേക്ക് ഒരു കോടി വന്നിറങ്ങുന്ന അനുഗ്രഹവര്‍ഷമുണ്ടാകണേ, ഈ മുഹൂര്‍ത്തത്തില്‍ എന്ന് പ്രാര്‍ഥിച്ചുകൊണ്ടാണ് ഒരു രൂപ നോട്ട് കൈയില്‍ വെച്ച് കൊടുക്കുന്നത്. ആ നന്മ മനസിലാക്കാന്‍ പറ്റാത്ത മാക്രിപ്പറ്റങ്ങളോട് എന്താണ് പറയേണ്ടത്. ചൊറിയന്‍ മാക്രിപ്പറ്റങ്ങളാണിവര്‍. ധൈര്യമുണ്ടെങ്കില്‍ പ്രതികരിക്കട്ടെ, ഞാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. ഹീനമായ ചിന്തയുണ്ടെങ്കില്‍ മാത്രമേ ഇതിനെ എതിര്‍ക്കാനാകൂ. ഓരോ കുഞ്ഞും ജനിച്ചു വീഴുന്നത് കുടുംബത്തിന്റെ സ്വത്തായിട്ടായിരിക്കാം. പക്ഷെ അവര്‍ രാജ്യത്തിനുള്ള സംഭാവനയാണ്. ആ കുഞ്ഞിന്റെ ഡി.എന്‍.എയില്‍ നവോത്ഥാനം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. അത് മുന്‍പു പറഞ്ഞ വക്രബുദ്ധികള്‍ സൃഷ്ടിക്കുന്ന നവോത്ഥാനമല്ല.' അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് നല്‍കാനായി മേല്‍ശാന്തിമാര്‍ക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കിയ സംഭവം നേരത്തെ വിവാദമായിരുന്നു. തുടര്‍ന്ന് തുക സ്വീകരിക്കുന്നതില്‍നിന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മേല്‍ശാന്തിമാരെ വിലക്കിയിരുന്നു. വടക്കുംനാഥ ക്ഷേത്രത്തിലെ മേല്‍ശാന്തിക്ക് 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകള്‍ നല്‍കിയതിലാണ് ദേവസ്വം ബോര്‍ഡ് ഇടപെട്ടത്. വിഷുക്കൈനീട്ടത്തെ മറയാക്കി രാഷ്ട്രീയ നീക്കമാണ് നടത്തുന്നതെന്നാണ് സുരേഷ് ഗോപിക്കെതിരായി ഉയര്‍ന്ന ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com