ആ നന്മയെ വിധി തോല്‍പ്പിച്ചു;  സുരഭി ലക്ഷ്മി സഹായിച്ച യുവാവ് ആശുപത്രിയില്‍ മരിച്ചു

നടി സുരഭിലക്ഷ്മിയുടെ സമയോചിത ഇടപെടലാണ്, മുസ്തഫയെ ആശുപത്രിയില്‍ എത്തിച്ചത്
സുരഭി/ഫെയ്‌സ്ബുക്ക്‌
സുരഭി/ഫെയ്‌സ്ബുക്ക്‌
Published on
Updated on

കോഴിക്കോട്: വണ്ടിയോടിക്കുന്നതിനിടെ കുഴഞ്ഞവീണപ്പോള്‍ നടി സുരഭി ലക്ഷ്മിയുടെ ഇടപെടലിലൂടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സിയില്‍ ഇരിക്കെയാണ്, പട്ടാമ്പി സ്വദേശി മുസ്തഫ മരിച്ചത്. 

വഴിതെറ്റി നഗരത്തില്‍ കുടുങ്ങിപ്പോയ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയ മുസ്തഫ രാത്രി ജീപ്പോടിക്കുന്നതിനിടെ നെഞ്ചുവേദന വന്നു കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഇളയ കുഞ്ഞിനൊപ്പം സഹായത്തിനു കേഴുന്നതിനിടെ അതുവഴി വാഹനത്തിലെത്തിയ നടി സുരഭിലക്ഷ്മിയുടെ സമയോചിത ഇടപെടലാണ്, മുസ്തഫയെ ആശുപത്രിയില്‍ എത്തിച്ചത്. സുരഭി അറിയിച്ചതിനെ തുടര്‍ന്നു തക്കസമയത്ത് പൊലീസെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. കാണാതായ ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിക്കു സമീപത്തെ പൊലീസ് സ്‌റ്റേഷനില്‍ സുരക്ഷിതരായി കണ്ടെത്തുകയും ചെയ്തു.

ചൊവ്വാഴ്ച രാത്രിയാണു സംഭവം. മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വീട്ടില്‍ നിന്നു രാവിലെയാണ് മനോദൗര്‍ബല്യമുള്ള യുവതി കുഞ്ഞിനെയും കൊണ്ടു പുറത്തു പോയത്. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്നു ഭര്‍ത്താവ് പകലന്തിയോളം നഗരത്തിലുടനീളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇരുട്ടിയതോടെ പൊലീസില്‍ പരാതി നല്‍കിയ ശേഷം വീട്ടിലേക്കു മടങ്ങി. ഇതേ സമയത്താണ് നടന്ന് തളര്‍ന്ന നിലയില്‍ യുവതിയും കുഞ്ഞും മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനിലെത്തിയത്.

പൊലീസുകാര്‍ അമ്മയ്ക്കും കുഞ്ഞിനും ഭക്ഷണം നല്‍കിയ ശേഷം സ്‌റ്റേഷനില്‍ സുരക്ഷിതരായി ഇരുത്തി. യുവതിയുടെ കയ്യില്‍ നിന്നു മുസ്തഫയുടെ നമ്പര്‍ വാങ്ങി ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞെങ്കിലും സംസാരം തീരുന്നതിനുള്ളില്‍ ഫോണ്‍ ചാര്‍ജ് തീര്‍ന്ന് ഓഫായി. രണ്ടു കൂട്ടുകാരെയും ഇളയ കുഞ്ഞിനെയും കൂട്ടി മുസ്തഫ ഉടന്‍ പൊലീസ് സ്‌റ്റേഷനിലേക്കു ജീപ്പില്‍ പുറപ്പെട്ടെങ്കിലും വഴിയില്‍വച്ച് കലശലായ നെഞ്ചുവേദന അനുഭവപ്പെട്ടു വാഹനത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

െ്രെഡവിങ് വശമില്ലാത്ത കൂട്ടുകാര്‍ പുറത്തിറങ്ങി നിന്നു വാഹനങ്ങള്‍ക്ക് കൈകാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. നഗരത്തിലെ ഒരു ഇഫ്ത്താറില്‍ പങ്കെടുത്ത് വീട്ടിലേക്ക് കാറോടിച്ചു മടങ്ങുകയായിരുന്ന നടി സുരഭിലക്ഷ്മി ഇവരെക്കണ്ട് വാഹനം നിര്‍ത്തുകയും ജീപ്പിനുള്ളില്‍ അവശനിലയില്‍ കിടക്കുന്ന യുവാവിനെക്കണ്ട് വിവരം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയുമായിരുന്നു. പൊലീസെത്തി യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയപ്പോള്‍ സുരഭിയും കൂടെപ്പോയി.

യുവാവിനെ ആശുപത്രിയിലാക്കിയ ശേഷം കുഞ്ഞിനെയും കൂട്ടി സുരഭി പൊലീസ് സ്‌റ്റേഷനിലെത്തുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com