പട്ടാപ്പകല്‍ ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം; കൂടുതല്‍ പൊലീസ് പാലക്കാട്ടേക്ക്, എല്ലാ ജില്ലകളിലും ജാഗ്രത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th April 2022 02:56 PM  |  

Last Updated: 16th April 2022 02:56 PM  |   A+A-   |  

sreenivasan_palakkad1

കൊല്ലപ്പെട്ട ശ്രീനിവാസന്‍/ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം: പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകന്റെ വധത്തിനു പിന്നാലെ ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊന്നതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം. സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കാനാണ് പൊലീസ് സേനയ്ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്. 

കൂടുതല്‍ പൊലീസ് സംഘത്തെ അടിയന്തരമായി പാലക്കാട്ട് എത്തിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. എറണാകുളം റൂറലില്‍നിന്ന് ഒരു കമ്പനി ആംഡ് പൊലീസ് സേനയെ പാലക്കാട്ട് വിന്യസിക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പാലക്കാട്ട് ക്യാംപ് ചെയ്ത് സ്ഥിതിഗതികള്‍ നിരീക്ഷിക്കും. എഡിജിപി വിജയ് സാഖറെ പാലക്കാട്ട് എത്തുമെന്നാണ് അറിയുന്നത്. 

പട്ടാപ്പകല്‍ കൊലപാതകം

എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ വധത്തെത്തുടര്‍ന്ന് പൊലീസ് ജാഗ്രത തുടരുന്നതിനിടെയാണ് പട്ടാപ്പകല്‍ ആര്‍എസ്എസ് നേതാവ് വെട്ടേറ്റുമരിച്ചത്. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെ പാലക്കാട് നഗരത്തിലെ മേലാമുറിയിലെ കടയില്‍ കയറിയാണ് ആക്രമിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആക്രമണത്തില്‍ ശ്രീനിവാസന് തലയ്ക്കും നെറ്റിയിലും ഉള്‍പ്പടെ സാരമായി പരുക്കേറ്റിരുന്നു. പാലക്കാട്ടെ എസ് കെ ഓട്ടോസ് എന്ന സ്ഥാപനം നടത്തുകയായിരുന്നു ശ്രീനിവാസന്‍. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ മൂന്നു ബൈക്കുകളിലായെത്തിയ അഞ്ചംഗം സംഘം ആക്രമിക്കുകയായിരുന്നു.വാള്‍ ഉപയോഗിച്ചാണ് ശ്രീനിവാസനെ വെട്ടിയതെന്നുദൃക്‌സാക്ഷികള്‍ പറഞ്ഞു.

പൊലീസ് കാഴ്ചക്കാരായെന്ന് ബിജെപി

അക്രമത്തിനു പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാര്‍ ആരോപിച്ചു. അക്രമം നടക്കുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. പൊലീസ് സാന്നിധ്യമുള്ള മേഖലയില്‍ അക്രമം നടന്നത് ഗൗരവമുള്ള കാര്യമാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സുബൈറിന്റെ കൊലപാതകം: അന്വേഷണം പഴയ വെട്ടുകേസ് പ്രതികളിലേക്ക്; കാര്‍ വാടകയ്‌ക്കെടുത്തത് ബിജെപി പ്രവര്‍ത്തകന്‍ രമേശ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ