വൈദിക നിറവില്‍ മഹാ കുബേര യാഗത്തിന് ചളവറയില്‍ തുടക്കം
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th April 2022 05:37 PM |
Last Updated: 18th April 2022 05:37 PM | A+A A- |

ചളവറയിലെ മഹാ കുബേര യാഗം
പാലക്കാട്: വൈദിക നിറവില്‍ ചെര്‍പ്പുളശ്ശേരി ചളവറയില്‍ മഹാ കുബേര യാഗത്തിന് ഉജ്വല തുടക്കം. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന യാഗത്തിന്റെ സമാരംഭ ചടങ്ങ് താന്ത്രിക , സന്യാസ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ വി കെ ശ്രീകണ്ഠന്‍ എം പി ഉദ്ഘാടനം ചെയ്തു. നിരവധി വൈദികര്‍ മണിക്കൂറുകളോളം അരണി കടഞ്ഞ് യാഗാഗ്‌നി ജ്വലിപ്പിച്ചത് യാഗശാലയെ ധന്യമാക്കി.
ഈ മാസം 23 വരെയാണ് യാഗം. ചളവറയില്‍ 15 ഏക്കര്‍ സ്ഥലത്താണ് യാഗശാല. നടുവില്‍ മഠം അച്ചുത ഭാരത സ്വാമിയാര്‍ ദീപോ ജ്വലനം നടത്തിയ ചടങ്ങ് വി കെ ശ്രീകണ്ഠന്‍ എം പി ഉദ്ഘാടനം ചെയ്തു. താന്ത്രിക രംഗത്തെയും സന്യാസ രംഗത്തെയും പ്രമുഖര്‍ ചടങ്ങിനെ ധന്യമാക്കി. കൂടാതെ പുതുചേരി എംഎല്‍എ എം ശിവ ശങ്കര്‍ , തെലങ്കാന മുന്‍ എം എല്‍ എ ഡോ. പൊങ്കുലേറ്റി സുധാകര്‍ റെഡ്ഡി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
യാഗം രക്ഷാപുരുഷന്‍ ഡോ ടി പി ജയകൃഷ്ണന്‍ വിശിഷ്ട വ്യക്തികളെ ആദരിച്ചു. തന്ത്രിമാരായ ഈക്കാട് നാരായണന്‍ നമ്പൂതിരിപ്പാട്, അഴകത്ത് ശാസ്ത്ര ശര്‍മ്മന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങില്‍ കുബേര ക്ഷേത്രം പുറത്തിറക്കുന്ന കുബേര ചരിതം പുസ്തകം തന്ത്രി ശാസ്ത്ര ശര്‍മ്മന്‍ നമ്പൂതിരിപ്പാടിന് നല്‍കി വി കെ ശ്രീകണ്ഠന്‍ എം പി പ്രകാശനം ചെയ്തു. ക്ഷേത്രം ട്രസ്റ്റി പി രാജേഷ്, ജീഷ ജയകൃഷ്ണന്‍ ,എസ് സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.
മഹാ വേദിയില്‍ യജ്ഞാചാര്യന്‍ ചെറുമുക്ക് വല്ലഭന്‍ അക്കിത്തിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ അരണി കടയല്‍ ചടങ്ങ് നടന്നു. മന്ത്രോച്ചരണ സന്നിധിയില്‍ നിരവധി വൈദികര്‍ മണിക്കൂറുകളോളം കടഞ്ഞാണ് അരണിയില്‍ യാഗാഗ്നി ജ്വലിപ്പിച്ചത്. യാഗം യജമാനന്‍ ജിതിന്‍ ജയകൃഷ്ണന്‍, പത്‌നി ദുര്‍ഗ്ഗ ജിതിന്‍ എന്നിവര്‍ യാഗശാല പ്രവേശനചടങ്ങിന് ശേഷം അരണി യഞ്ജാചാര്യന്മാര്‍ക്ക് കൈമാറിയിരുന്നു. യാഗത്തിലെ ഈ സുപ്രധാന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ രാവിലെ മുതല്‍ ആയിരക്കണക്കിന് വിശ്വാസികളാണ് യാഗശാലയിലെത്തിയത്. ആദ്യ ദിനം തന്നെ അരലക്ഷത്തോളം പേരാണ് മഹാ കുബേരയാഗ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ചളവറയിലെത്തിയത്.