ജനങ്ങളെ വഴിയാധാരമാക്കിയുള്ള വികസനമല്ല സില്‍വര്‍ ലൈന്‍ ലക്ഷ്യം; പ്രതിപക്ഷം നാടിനെ 19ാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകുന്നു;  പിണറായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th April 2022 07:25 PM  |  

Last Updated: 19th April 2022 07:27 PM  |   A+A-   |  

pinarayi

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയെ എതിര്‍ക്കുന്ന പ്രതിപക്ഷം നാടിനെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്ത് ചെയ്താലും വികസന പദ്ധതിയെ എതിര്‍ക്കുന്നവരോട് ഒന്നും പറഞ്ഞിട്ടും കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന എല്‍ഡിഎഫിന്റെ കെ-റെയില്‍ രാഷ്ട്രീയ പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരള മോഡല്‍ വികസനം മാതൃകാപരമാണ്. അന്തര്‍ദേശീയ തലത്തില്‍ വരെ കേരള മോഡല്‍ പഠനമാക്കുന്നു. സര്‍വ്വതല സ്പര്‍ശിയായ വികസനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനവും ഇതാണ്. അതിനാല്‍ കെ-റെയില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനങ്ങളെ വഴിയാധാരമാക്കിയുള്ള വികസനമല്ല സില്‍വര്‍ ലൈന്‍ ലക്ഷ്യമിടുന്നത്. വലതുപക്ഷം വികസനത്തിന് വേണ്ടിയുള്ള നിലപാടല്ല എടുക്കുന്നത്. എല്ലാവര്‍ക്കും വികസനത്തിന്റെ സ്വാദ് നല്‍കുകയാണ് എല്‍ഡിഎഫ് നയം. സര്‍ക്കാരിന്റെ വികസനങ്ങള്‍ ഭാവി തലമുറയെ ലക്ഷ്യമിട്ടുള്ളതാണ്. കേരളത്തിലെ വലതുപക്ഷത്തിന് വികസന വിരുദ്ധ നിലപാടെടുത്ത പാരമ്പര്യമാണുള്ളത്. പ്രതിപക്ഷം ഇപ്പോള്‍ തിരുത്തിയില്ലെങ്കില്‍ ജനങ്ങള്‍ അവരെ തിരുത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇഎംഎസ് സർക്കാർ മുതൽ ഇങ്ങോട്ടുള്ള ഇടത് സർക്കാരുകളാണ് വികസനത്തിന് വേണ്ടി പലതും ചെയ്‌തത്‌. ഇഎംഎസ് സർക്കാരാണ് എല്ലാ വികസനത്തിനും അടിത്തറയിട്ട കേരളാ മോഡലിന് തുടക്കമിട്ടത്. അന്ന് കാർഷിക പരിഷ്‌കരണ നിയമത്തെയും പ്രതിപക്ഷം എതിർത്തിരുന്നു. അത് പെരുപ്പിച്ച് രാജ്യം കണ്ട ഏറ്റവും ജനാധിപത്യ വിരുദ്ധ നീക്കത്തിലേക്ക് എത്തിച്ചു. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ സാർവത്രിക വിദ്യാഭ്യാസം നടപ്പാക്കി. എല്ലാവർക്കും സ്‌കൂളിൽ പോകാനുള്ള സാഹചര്യം ഉണ്ടാക്കി.

പ്രകടനപത്രികയിൽ എൽഡിഎഫ് പറഞ്ഞത് നാടിൻ്റെ സമഗ്ര വികസനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മഹാഭൂരിപക്ഷം പലപ്പോഴും വികസനത്തിന് പുറത്തായിരുന്നു. എന്നാൽ എല്ലാ പ്രദേശത്തെയും സ്‌പർശിക്കുന്ന വികസനമാണ് എൽഡിഎഫ് മുന്നോട്ട് വയ്‌ക്കുന്നത്. എല്ലാ മേഖലയും വികസിച്ച് വരണം. പശ്ചാത്തല സൗകര്യ വികസനം പ്രധാന ഘടകമാണ്. നമുക്ക് വിഭവ ശേഷി കുറവാണ്. ബജറ്റിന് മുഴുവൻ ചെലവും വഹിക്കാൻ പറ്റാത്ത സ്ഥിതിയുണ്ട്. അതിനാണ് കിഫ്ബി കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത വായിക്കാം

കേരളം പിണറായിയുടെ സ്വകാര്യസ്വത്തല്ല, ആരു കുറ്റിനാട്ടിയാലും പറിച്ചെറിയും: കെ സുധാകരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ